Friday, 4 May 2012

പൂച്ചയും ഫെമിനിസവും


പൂച്ചയും ഫെമിനിസവും


പൂച്ചയിലേക്ക് കടക്കുംമുമ്പ് ഒരിക്കല്‍ക്കൂടി അമ്മയില്‍ നിന്ന് തൊടങ്ങാം. പിന്നെ കത്തിക്കേറാന്‍ പറ്റ്യ വേറൊരൈറ്റം കൂടി ണ്ടല്ലോ....ഫെമിനിസം.

എന്തായാലും ഞാന്‍ വീണ്ടും മടങ്ങുന്നു....അമ്മയിലേക്ക്.എന്‍റെ അമ്മ ഫെമിനിസ്റ്റ്‌ ആണോ?ആ വേരീന്നാണോ എനിക്കീ ലെഷണം കെട്ട സൂക്കേട് കിട്ട്യേ? അല്ലാലോ.അമ്മയല്ല... അമ്മ നല്ല അനുസരണയുള്ള ഒരു മോളായിരുന്നു അമ്മാച്ചന്.... അമ്മാമ്മയ്ക്ക്, നല്ലൊരു പെങ്ങളായിരുന്നു നാല് സോദരങ്ങള്‍ക്കും.... പിന്നെ നല്ലൊരു ചേച്ചീം അനിയത്തീം പിന്നെന്തൊക്യോം ഒക്കെ ആയിരുന്നേ... കല്യാണം കഴിഞ്ഞപ്പളും അമ്മ അങ്ങന്യോക്ക്യെന്നെ...നല്ല മരുമകള്‍... നല്ല ഏട്ത്യമ്മ.... നല്ല നാത്തൂന്‍..... ആ.... നല്ല ഭാര്യേം....!

അപ്പൊ ങ്ങള് ചോയിക്ക്യും എപ്പളും നല്ല്യാണേല്‍പിന്നെന്തിനാ പ്പോ ചോറിഞ്ഞോണ്ട് വരണേന്ന്.... ഉണ്ടേ... കാര്യോണ്ടേ... ഇങ്ങന്യോക്കെ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടി പാസ്സായ എന്റ്യമ്മ ദാ ഒരു ദെവസം രാവിലെ എണീറ്റു.... ഒരു തീരുമാനങ്ങ് എടുത്തു...ന്താ?? കല്യാണത്തിന് മുമ്പ്-(എസ്.എസ്.എല്‍.സി പാസ്സാകാനുള്ള ഭാഗ്യം അമ്മമ്മേം വല്യമ്മേം കൊട്ത്തില്ല, നെരത്ത്യുള്ള പേറു കാരണം(കാരണക്കാരെ സൗകര്യപൂര്‍വം മറക്കുന്നു), പിന്നെ കുട്ട്യോളുടെ ആയപ്പണി സേവാസംഘത്തിന്റെ മെമ്പര്‍ഷിപ്പ്‌കൂട്യായപ്പോ അമ്മ തന്നെ പത്താം ക്ലാസ് തോല്‍വി സമ്മതിച്ചു.).. അപ്പൊ പറഞ്ഞു വന്നത്... നിങ്ങളുടെ ഭാഷയില്‍, പത്താം തരാം കടക്കാനുള്ള പുത്തി പോലൂല്ലാത്ത വെറും പെണ്ണ്, കല്യാണത്തിന് മുമ്പേന്നെ ഒര് ചെറ്യ ജോല്യൊക്കെ തരപ്പെട്ത്തി. നോക്കണേ... പത്ത് കടന്ന കുട്യേട്ത്തി അപ്പളും അടക്കളെലെന്നെണ്ട്.


അങ്ങനെ നിന്ന നേരത്താണ് അച്ചാച്ചന്റ്യോപ്പം ഗുജറാത്തില്‍ കഴിഞ്ഞെന്റെ സര്‍ട്ടിഫിക്കറ്റും പിന്നെ പോളിട്ടെക്നികിലെ കരകൌശല സര്‍ട്ടിഫിക്കറ്റും ഒക്കെ കയ്യീക്കരുതി എന്‍റെ കഥയിലെ നായകന്‍ അരങ്ങിലെത്തുന്നത്. ദേഹം നാട്ടിലെത്ത്യപ്പോ പണി മറ്റ്തെന്നെ തെക്ക് വടക്ക് സര്‍വിസ്.... ന്നാലോ ആഗ്രഹത്തിന്ണ്ടോ അറുതി?ഒത്തിരി നാളങ്ങനെ നടന്നു..... പൊന്നരിവാളമ്പിളിയില്‍... (അതിനെവ്ടെലും കമ്മ്യൂണിസ്റ്റ്‌ ചൊവ ണ്ടോ? ന്നാ അച്ചനത് പാടീട്ടില്ല ട്ടോ... ഇനി പാട്യാ തന്നെ അമ്മ കേക്ക്വേ ഇല്ല ട്ടോ ;) ) പാട്യങ്ങനെ.... പിന്നെ അമ്മേനെ ഇമ്പ്രെസ് ചെയ്യാനായി ഒര് ജോലി തപ്പ്യൊക്കെ നാട് കടന്നു. ന്നിട്ടും അമ്മ ശ്രധിക്കിന്നില്ലെന്ന് കണ്ടപ്പോ ആളങ്ങ് മാന്യനായി. അച്ചച്ചനേം കൂട്ട്യങ്ങു ചെന്നു പെണ്ണാലോചിക്കാന്‍. അവ്ടെ എല്ലാര്‍ക്കും അച്ചച്ചനെ ഇഷ്ടായി കാരണം മൂപ്പര്‍ക്ക്‌ കേന്ദ്ര ഗവര്‍മെന്റിന്റെ ജോല്യൊക്കെ ണ്ടേ? ന്ന്വേച്ച്?? മൂപ്പരോന്നു കെട്ട്യെ അല്ലേ? അയ്നു മൂപ്പര്‍ക്കല്ലാലോന്നാലോചിച്ചപ്പോ അമ്മാച്ചനും ആങ്ങളമ്മാര്‍ക്കും ഒരേ ചൊറിച്ചില്‍. പറയത്തക്ക ജോലില്ലാത്തൊരു ചെക്കന് എങ്ങന്യാ...ഏത്? അമ്മമ്മയും സഹോദരിമാരും മിണ്ട്ണംന്നില്ല. അവരോക്കെന്തു പറയാനാ? അവര്‍ക്കൊണ്ടോ അയ്നുള്ളെ വിവരം? എന്നിരുന്നാലും അമ്മേനോടോരഭിപ്രായം ചോയ്‌ക്കാന്‍ അവര് മറന്നൂല്ല. പ്രത്യേകിച്ചൊരു ഇഷ്ടവും തോന്നിയിട്ടില്ല എന്ന് അമ്മ അവകാശപ്പെടുന്ന ഈ ചെക്കന്റെം സ്വന്തം അച്ചന്റെം മുന്നില്‍ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. നല്ല കുടുംബത്തിപ്പെറന്ന പെണ്ണിനെ പോലെ ചേച്ചീടെ കല്യാണം ആദ്യം....ന്നിട്ടാവം എനിക്ക്.

ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. കല്യാണം കഴിഞ്ഞ അമ്മയെ ആരേലും നിര്‍ബന്ധിച്ചോ അതോ അമ്മ പിന്നേം നല്ലപിള്ള ചമഞ്ഞോ ഇതൊന്നും പറയാന്‍ എനിക്ക് തരമില്ല,(കാരണം ഞാനപ്പഴും ലാന്‍ഡ്‌ ചെയ്തിട്ടില്ലാലോ).അമ്മ ആ പഴയ ജോല്യങ്ങുപേക്ഷിച്ചു സിമ്പിളി... പോരാത്തെന് അച്ഛനങ്ങ് കൊണ്ടൂവേം ചെയ്തു അമ്മേനെ... പുതുക്കത്തില് തന്നെ... അതിനും പുകിലുകള്‍ പലവിധം ണ്ടായി ട്ടോ അച്ചാത്ത്(അമ്മാത്തിന്റെ പുല്ലിംഗം:അമ്മിണി വഹ). പിന്നെ അവടെ അമ്മ ബോറടിച്ചും അടുക്കള ഭരിച്ചും പതി-സേവ നടത്തിയും മടുത്തപ്പോ നമ്മടെ ആലിസ് വാക്കര്‍ പറഞ്ഞ പണിയെന്നെ അമ്മയും തൊടങ്ങി.... തുന്നല്‍പ്പണി....പിന്നെ പറയണോ....തുന്നലെന്നെ തുന്നല്....! അതിനിടയ്ക്ക് ഒരു കുഞ്ഞിക്കാലും കണ്ടു..... ആണ്‍കേസരി.... വീരന്‍... എന്റെ ഏട്ടന്‍! കൊറച്ചു കാലം(മൂന്ന്കൊല്ലം) അങ്ങനെ ഏട്ടനെ ഉടുപ്പിച്ചും തീറ്റിച്ചും കുളിപ്പിച്ചും കഴിഞ്ഞു... ദാണ്ടെ വീണ്ടും... അതെന്നെ... കുഞ്ഞിക്കാല്.... നോക്കണേ അച്ചന്റ്യോരത്യാഗ്രഹം!! അതും ആങ്കുട്ട്യാവണെ... ന്നായിര്ന്നത്രേ അച്ഛന്(ഇതും അമ്മ്യാണെ പറഞ്ഞേ, ദൈവത്ത്യാണെ ഞാനല്ല).പിന്നെ അമ്മയ്ക്ക് തീറ്റിയ്ക്കാനും ഉടുപ്പിക്കാനും അട്ത്തെ കൂട്യായില്ലേ?സുഹം!!!

എന്തൊക്യയാലും മാതൃഭാഷാസ്നേഹിയായ എന്റ്യച്ചന്‍ ഇടയ്ക്കും തലയ്ക്കും മാത്രം നാട് കണ്ടുപോന്ന എന്നേം എട്ടനേം അമ്മേനേം മക്കള്‍ മലയാളഭാഷ പഠിച്ചേ ഒക്കൂ എന്ന മട്ടില്‍ നാട്ടിലുപേക്ഷിച്ചു... തറവാട്ടിലെ പെണ്ണുങ്ങള്‍ അപ്പളും തെങ്ങുമ്മേ തന്ന്യായിരുന്നു. തുന്നല്‍ പണി മോശം(അതിനു വേറെ ക്യാപ്ഷന്‍ ണ്ട്....എന്തൊക്കെ പറഞ്ഞാലും കോണോം തുന്നണ പണിയല്ലേ?), ബ്യൂട്ടിപാര്‍ലര്‍...മോശം (അതനൂണ്ടൊരു ക്യാപ്ഷന്‍... എന്തൊക്കെ പറഞ്ഞാലും മൈര് കളയണതല്ലേ പണി?) അമ്മയ്ക്കാണേല്‍ വെറ്തെ ഇരിക്കാനുള്ള കപ്പാസിറ്റീം താല്പര്യോം നഷ്ടപ്പെട്ടു.

ഇല്ല കൊണോം തുന്നുന്നില്ല, മൈരും കളയുന്നില്ല.. അമ്മ തീരുമാനിച്ചു. അന്നത്തെ നിലയ്ക്ക് പത്താം ക്ലാസ്‌ തോറ്റാലും കിട്ടുമായിരുന്ന എല്‍.ഐ.സി ഏജന്‍സി എടുത്തു. ഒന്നും പറയണ്ടേ..... തറവാട്ടിലെ പുഹില്.....അവ്ടെം വന്നു ക്യാപ്ഷന്‍.... രാവിലെ തെന്നെ കൊട്ടേ എട്ത്ത് എറങ്ങണ പണി! പുരുഷകേസരികളുടെ മീശ വിറച്ചു... അടുക്കളപ്പുറത്തെ നത്തൂമ്മാരും അമ്മായിയമ്മയും ചുണ്ട് കോട്ടി.... കണ്ണുരുട്ടി. ന്നാലും അമ്മ തോറ്റുകൊട്ത്തില്ല ഇപ്രാവശ്യം.

എന്തിന് തോറ്റുകൊട്ക്കണം ഇനീംന്ന് തോന്നിക്കാണും. കല്യാണം കഴിഞ്ഞ പുതുമോടിയില്‍ ഉമ്മയ്ക്ക് പകരം അമ്മേടെ കവിള് ചൊമപ്പിച്ച അച്ഛന്റെ അടി അമ്മ ഷെമിച്ചില്ലേ? അത് കണ്ടിട്ടും ഒന്നും പറയാതിരുന്ന അമ്മ-നത്തൂന്മാരുടെ സ്നേഹം സഹിച്ചില്ലേ? ഭര്‍തൃസഹോദരന്മാരുടെ അട്ടഹാസങ്ങള്‍ കേട്ട് വിറച്ചില്ലേ? എല്ലാവരുടേം ചൂണ്ടുവിരലിനറ്റത്തായി, എല്ലാം കേട്ട്, കാണികളില്ലാത്ത അരങ്ങില് കരഞ്ഞ് നിന്നില്ലേ? മത്യായിക്കാണും.

അവിടെത്തുടങ്ങുന്നു അമ്മയുടെ ശനി.....അമ്മയുടെ ഫെമിനിസം!
പിന്നെ പറയേണ്ടതുണ്ടോ?പതിവ് മരുമകള്‍ ജാഡയുടെ ചട്ടക്കൂട് ഭേദിച്ച് അമ്മായൊരഹങ്കാരിയും പടകാളിയും (ആണ്‍ഭാഷ... adopted by പെണ്ണുങ്ങള്‍  too) ഒക്കെയായി വളര്‍ന്നു. അതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അന്ന് സഹിക്കാന്‍ പറ്റാത്ത എന്നാല്‍ ഇന്ന് അങ്ങ് സഹിക്ക്യെന്നെ എന്ന മട്ടില്‍  മുഖംകോട്ടി പറയുന്ന ഒര് ജാതി പെണ്ണ്!

പ്രശ്നങ്ങളില്‍ ഇടപെടുക(അങ്ങനെ പറഞ്ഞാ ചെലര്‍ക്ക് വെഷമാവും... തലയിടുകഎന്ന് പറയണം), അഭിപ്രായം വെട്ടിത്തുറന്ന് പറയുക ( {പെണ്ണാണെങ്കി} നാമൂസിളക്കുക എന്നാണെന്ന് തോന്നുന്നു അതിനു നാമധേയം), ചീത്തവിളിക്കേണ്ടിടത്ത്‌ അന്തസ്സായി ചീത്ത വിളിക്കുക (പെണ്ണിന്റെ പടവെട്ടല്‍, വഴക്കാളിത്തരം ഇത്ത്യാദിത്തരം) എല്ലാം കൈമുതലായി വന്നതോടെ ആളങ്ങ് കത്തിക്കേറി.

കത്തിക്കേറീത് സഹിക്കാന്‍ പറ്റാഞ്ഞ ചില പെണ്ണുങ്ങള്‍ (ചില മെയില്‍ ഷോവിനിസ്റ്റ്‌ പന്നികള്‍ പലപ്പോഴും പറയുന്ന പെണ്ണിന് പെണ്ണെന്ന്യാ ശത്രു ഞങ്ങളല്ല എന്നാ വിഡ്ഢിത്തത്തിന് വെള്ളമൊഴിക്കാന്‍തക്കോണം) പതിവ് പരദൂഷണങ്ങളിലും കുത്തിത്തിരിപ്പ്‌ സമ്മേളനങ്ങളിലും മുഴുകി.അമ്മ തോറ്റില്ല...

അമ്മ തോറ്റത് പിന്നെ രണ്ട് തവണ മാത്രാ....രണ്ടും ധീരമായ തോല്‍വി ന്നേ ഞാന്‍ പറയൂ... രണ്ട് തവണ രണ്ട് വര്‍ഷങ്ങളിലായി അമ്മ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക്‌ മത്സരിച്ചു..... തോല്‍ക്കുമെന്നുറപ്പായ പെണ്‍സീറ്റില്‍ മത്സരിച്ച് പേടിത്തൂറികളായ ചില കോണ്‍ഗ്രസ്‌ പെണ്ണുങ്ങളെ ഒര് പാഠം പഠിപ്പിച്ചു... ജയിച്ചത്‌ അമ്മ്യെന്ന്യാ എനിക്ക് (എലെക്ഷനല്ല ട്ടോ...അത് കമ്മ്യുണിസ്റ്റാര്കൊണ്ട്വോയി....ഇനീം കൊണ്ട്വോവും... ;) ).

ഇപ്പൊ അമ്മയ്ക്ക് വയസ്സായി.... (സമ്മതിച്ചു തരില്ലാ ട്ടോ). തരരുത്നെന്ന്യാ ന്റെം അഭിപ്രായം. അല്ല ന്നാലും എലൈന്‍ ഷോവാള്‍ട്ടറിനേം, സിമോണ്‍ ഡി ബുവാനേം, വെര്‍ജീനിയ വൂള്‍ഫിനേം, സാന്‍ഡ്ര ഗില്ബെര്ട്ടിനേം ഒന്നും കേട്ട് പരിചയംപോലുമില്ലാത്ത എന്റ്യമ്മ... ഫെമിനിസം ന്ന് പറഞ്ഞാ അയ്യോ! ഞാനില്ലേ....ന്ന് പറയുന്ന അമ്മ... ഇത്രയൊക്കെ ആയില്ലേ.

അമ്മ ഫെമിനിസ്റായില്ലേലും വേണ്ടീല, ന്നാ അമ്മേടെ ഉള്ളില് ഇപ്പളും എവ്ട്യോ ഒര്  തണല്‍മരം ഫിലോസഫി ണ്ട് താനും. എനിക്കാച്ചാ അതും സഹിച്ചൂടാ. ഇപ്പളും ഞാമ്പറയുന്നേ ന്‍റെ ഫെമിനിസം അമ്മെന്റെട്ത്തൂന്നു കിട്ടീതല്ലാന്നെന്ന്യാ ട്ടോ. പിന്നെ സ്വാതന്ത്ര്യം വേണ്ടാത്ത പെണ്ണുങ്ങളെ ഞാന്‍ വെറുതെ വിടാം കാരണം അവര്‍ക്കീ തണല്‍ മരത്തീന്ന് പൊറത്തുവരാന്‍ കൊറച്ചോന്നും പോര സമയം.പഷേ ന്‍റെ അമ്മേനെ എങ്ങന്യാ ഞാന്‍ വെര്‍തെ വിട്വാ?

നമ്മള് പറഞ്ഞേ പൂച്ചേന്റെ ഫെമിനിസം പറയാം ന്നാ...പഷേ അങ്ങന്യല്ലാ ട്ടോ. ഞാനിപ്പോ പൂച്ചയ്ക്ക് വേണ്ടി ഫെമിനിസം പറയാ.... അതെന്താന്നൊക്കെ ങ്ങളങ്ങ് മനസിലാക്കിക്കോ.... ഭയങ്കര ബുദ്ധ്യല്ലേ ങ്ങക്കൊക്കെ.

എന്‍റെ വീട്ടില് ഞാനൊരു പൂച്ചേനെ കൊണ്ട്വോന്നു.ഒര് പെണ്‍പൂച്ച... കുറിഞ്ഞിന്ന് നാട്ടില് പറയും(പെണ്ണ് പാവാണേല്‍ കുറിഞ്ഞീന്നും ഒരിച്ചിരി തണ്ട്ണ്ടേല്‍ കൊടിച്ചീന്നും വിളിക്ക്യുന്ന ഒരു രീതി ണ്ട്. അത് വേറ കാര്യം).എന്തായാലും എന്നെ അമ്മ പറയാത്ത തെറിയില്ല ഒര് പെണ്‍പൂച്ചേനെ കൊണ്ട്വോന്നെന്. കാര്യംന്താ? പെറ്റ് പൊരനേറച്വാളയും അവറ്റൊള്. അപ്പളും ചെറി ബെറീം തൂക്കി ഭീമന്‍ രഘു മട്ടില്‍ ഇനിയേതുണ്ടൊരു പെണ്ണ് എന്‍റെ പൗരുഷചൂടറിയാത്തത് എന്ന് മൂളിപ്പാട്ടുംപാടി മൂട്ടിലെ പൊടീം തട്ടിപ്പോണ കണ്ടനെ(ആണ്‍പൂച്ച) തെറി പറയാന്‍ ആരൂല്ല. ശെരി,എന്‍റെ ആ തെറ്റ് കൊറച്ചു കെറുവിച്ചെങ്കിലും അമ്മ പിന്ന്യങ്ങ് ഷെമിച്ചു. ദേ അപ്പൊ വരുന്നു പ്രായപൂര്‍ത്തിയായ എന്‍റെ ഉണ്ണൂലീന്‍റെ റേയിപ്‌ കേസ്. ആ വക കൊറേ ചീത്ത വേറെ ,പിന്നെ കൊറേ പെഴച്ചു പെറ്റസന്തതികളും. ആറെണ്ണം വരും ആണും പെണ്ണുമായിട്ട്. അവരങ്ങനെ സസന്തോഷം കഴ്യ്വായിര്ന്നു(എനിക്ക് ദെവസോം ചീത്തകേട്ടൂന്നുള്ളേ വേറെ സ്റ്റോറി).

ഇന്ന് മാല്‍ന്യുട്രീഷന്‍ നിമിത്തം രണ്ടെണ്ണം ചത്തു. കണ്ട് സങ്കടിച്ച ഞാന്‍ അമ്മേനെ നീട്ടി വിളിച്ചു. ഓടി വന്ന് സങ്കടം പങ്കുവെക്കുന്നെന്റെ ഇടയ്ക്ക് ഒര് കുഞ്ഞു പൂച്ചെടെ പിന്നാമ്പുറത്ത് നോക്കി അമ്മ ശ്ശൊ, അതല്ലേലൊരു കണ്ടനായ്നൂ L ന്ന്.

പറയാന്‍ ഒരുപാട് ഫെമിനിസം നാക്കിന്തുമ്പത്ത് വന്നു....കാരണം അന്ന് എന്നെ പെറ്റപ്പോ അച്ചനുണ്ടായ നിരാശാബോധം പോലൊരു സാധനം തന്ന്യാ ഇപ്പൊ അമ്മേടെ മൊഖത്തും ണ്ടായീനെ. പെണ്ണിനെ എങ്ങന്യാ സഹിക്ക്യാ? ആണായിനെല്‍ തലവേദന ഇല്ലായ്നു ടൈപ്പ്. ഇത് ഒര് മനുഷ്യജീവിയല്ലാലോ പ്രത്യേകിച്ചും സ്ത്രീ അല്ലാലോ എന്നിങ്ങനെ ഓര്‍ത്ത് വിഷമം മറക്കുകയും അമ്മയോടുള്ള ബഹുമാനവും സ്നേഹവും തിരിച്ചുപിടിക്കാന്‍ മല്ലടിക്കുകയും ചെയ്യുമ്പളാണ് അടുത്ത ന്യൂസ്.

അമ്മയ്ക്ക് പരിചയോള്ള ഒര് എല്‍.ഐ.സി ഏജന്റിന്റെ ഭര്‍ത്താവ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളേം കൊണ്ട് കൊയിലാണ്ടി സ്റേഷനിന്നു വണ്ടിയ്ക്ക് ചാടി മരിച്ചു. ഭാര്യയുടെ ദുര്‍ന്നടപ്പും ഭര്‍ത്താവിന്‍റെ സംശയരോഗവും സാമ്പത്തിക ഞെരുക്കവും ഒക്കെ ആരോപിച്ചു കഴിഞ്ഞ ആത്മഹത്യക്ക്( അങ്ങന്യാണോ അതോ ഒര് പിഞ്ച്‌ പെണ്‍കുഞ്ഞിന്‍റെ കൊലപാതകം എന്ന് പറയണോ എന്ന സംശയം എന്നില്‍ ബാക്കി) വീണ്ടും അമ്മയുടെ വായീന്നോരടിക്കുറുപ്പ് : തള്ള നോക്കാനില്ലാത്ത പെണ്ണിനേം കൊണ്ടെന്താക്കാനാ? അതൊരിത്തിരി വല്തായ പെണ്ണല്ലേ.... അതിന്‍റെ കല്യാണം..... ചെലവ്... അതിനെ ഒറ്റയ്ക്കെങ്ങന്യാ ആക്ക്വാന്ന് കരുതിക്കാണും.

നല്ല അച്ഛന്‍...!, എന്ന് ഞാനും.




(എത്രയൊക്കെ ഫെമിനിസം പറഞ്ഞാലും പെണ്ണുങ്ങള്‍ പെണ്ണുങ്ങള്‍ തന്ന്യാണെന്ന് വിളിച്ച് പറഞ്ഞാഘോഷിച്ച് മേനി നടിച്ചും വലിപ്പം പറഞ്ഞും നടക്കുന്ന ചില വീരന്മാര്‍ക്കും.... അബദ്ധം പിണഞ്ഞതെവിടെയെന്നറിയാതെ വെറുതെ ജീവിച്ചു മരിച്ചും പിന്നെ ഒരുപാട് തമ്മിത്തല്ല് നടത്ത്യും ഞാന്‍ കേമി ഞാന്‍ കേമന്‍ എന്ന് മാത്രം വിളിച്ചു പറയാന്‍ കൊതിക്കുന്ന വിഡ്ഢികള്‍ക്കും..... എന്‍റെ അമ്മയെപ്പോലെ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടിട്ടും എന്തിന്? എങ്ങനെ? എവിടെ? എപ്പോ? എന്ന ചോദ്യത്തിന് മുന്നില്‍ സ്തബ്ദരായി നിക്കുന്ന ഒര് കൂട്ടം സ്ത്രീകള്‍ക്കും ഒപ്പം എനിക്ക് വേണ്ടത്‌ ഭര്‍തൃസ്നേഹവും സുഖവും സമാധാനവും മാത്രമാണെന്ന് നടിക്കുന്ന മരിച്ചു ജീവിക്കുകയാണെന്നുപോലും തിരിച്ചറിയാന്‍ വിധിയില്ലാതെ പോവുന്ന ചില ആത്മാക്കള്‍ക്കും വേണ്ടി അമ്മിണിക്കുട്ടിയുടെ  കഥ സമര്‍പ്പിക്കുന്നു....)