Sunday, 27 November 2011

ഞാന്‍ "മാര്‍ക്കിസ്റ്റാ"ണോ?അതോ ഫെമിനിസ്റ്റോ?ഹ്യൂമനിസ്റ്റായാലോ?


“MARXISM ALMOST ALWAYS EXCLUDED WOMEN!!!!”

ആര് പറഞ്ഞൂ ഈ അസംബന്ധം??? കേരളത്തില്‍ അങ്ങന്യല്ലാ ട്ടോ... കേരളത്തിലെ സി.പി.ഐ(എം)ന് പെണ്ണുങ്ങള്ന്നു വെച്ചാ ജീവനാ...

    അംഗബലം കൂട്ടാനും, മനുഷ്യചങ്ങല പിടിക്കാനും, സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും സെറ്റ് സാരീം, ചെങ്കൊടി ബ്ലൗസും ഇട്ടു ബാനറു പിടിക്കാനും, ധര്‍ണയിരിക്കാനും, സമരം വിളിക്കാനും, കുപ്പ തോണ്ടാനും, ആകെപ്പാടെയുള്ള 33%-ത്തിന്‍റെ അടിവേര് തുളയ്ക്കാനും പിന്നെ പറ്റ്യാ ചെല കൊടികുത്തിവാഴണ സഖാക്കമ്മാര്‍ക്ക് കൂട്ടിക്കൊടുക്കാനും ഒക്കെ അവരെ വേണം. ഞങ്ങളവര്‍ക്ക് സപ്പോര്‍ട്ടാ...
   
    ഇങ്ങ് ചേമഞ്ചേരീലേക്ക് വന്നാ ഇത്തിരൂടി മുന്തിയ ഇനം കമ്മൂണിസ്റ്റാരെ കാണാം. തെളച്ചങ്ങനെ നില്‍ക്ക്വല്ലേ ചോര! അങ്ങ് കണ്ണെത്താ ദൂരത്ത് കണ്ണിറുക്കീം, തോണ്ടീം, തലോടീം അന്തിക്കൂട്ട് കെടന്നും വെലസിയ കുഞ്ഞാലിമാമനേം, ജോസപ്പങ്കിളിനേം പിന്നെ പൊന്നുച്ചാമീനേം ഒക്കെ കണക്കിന് തെറി വിളിച്ചും, പന്തംകൊള്ത്തിപ്പടനയിച്ചും, കരിദിനമാചരിച്ചും ഒക്കെ മുറവിളികൂട്ടിയ തലതൊട്ടപ്പന്മാരാ ഇവ്ടെ ള്ളെ. പക്ഷേങ്കില് വീക്കെന്‍സ്‌ ഒന്ന് മാത്രം.... അപാര സഹോദര സ്നേഹമാ. പാര്‍ടി മ്മടെത്, അതിലെ പെണ്ണുങ്ങളും മ്മ്ടെത്..... ന്നാലും മ്മടെ പാച്ചറ്വേണൂം കൊ.കുമാരനും, പൊ.ഗോപാലനും ഒക്കെ നമ്മടെ സഹോദരന്മാരല്ല്യോ? അവര് മ്മടെ പെണ്ണുങ്ങളെ വല്ലോമങ്ങു കാണിച്ചു... അല്ലേല്‍ വല്ലോമങ്ങു പറഞ്ഞു.... അങ്ങ് സഹിച്ചേക്കണം,കണ്ണടച്ചങ്ങ് നടന്നെക്കണം. അല്ലാതെ പരാതീം പരിവട്ടോമായി പാര്‍ടിയാപ്പീസിലേക്ക് ഓടിയടുക്ക്വോന്നും വേണ്ട. അതിനുള്ള നേരം ഞങ്ങക്കില്ല, ഞങ്ങക്കിവിടെ പിടിപ്പത് പണിയാ. മുല്ലപ്പെരിയാറിനെക്കുറിച്ച് പഠിക്കണം ന്നിട്ട്വേണം നിലവിലുള്ള ഗവര്‍മെന്റിന്റെ തലേല് കേറിയൊന്ന് മുള്ളാന്‍. അത് കഴിഞ്ഞിട്ട്ണ്ട് ചെല പ്രകടനോം സമ്മേളനോം പ്രതിഷേധോം. ഇതിനെടയില്‍ ഒരു മെമ്പറേo നോക്കാന്‍ ഞങ്ങക്ക് നേരോല്ലാ ആദ്യേ പറഞ്ഞെരാം.
   
    അല്ലേലിപ്പോ മെമ്പര്‍ക്കെന്താ പറ്റ്യേ? സഹോദരന്‍ വേണു (സഖാവല്ല ന്നാലും വ്യാപാരവ്യവസായി കുടുമ്മത്തിലെ അംഗമാണേ) അയാള് ഇത്തിരി സ്നേഹം കൂടിയപ്പോ സ്നേഹത്തിന്റെ ഭാഷയൊന്നു പ്രയോഗിച്ചു മെമ്പറെടുത്ത്... അതിനിപ്പോ കെറുവിക്കനെന്താ ഉള്ളേ? ക്ഷമിച്ചേക്കാമെന്നേ.. ഇനിപ്പോ ങ്ങളു മാന്യന്മാരങ്ങ് നടപടിയെട്ത്താലും ഞങ്ങള് വ്യവസായി സഹോദരന്മാരുണ്ട് പാവം വേണൂനെ ഈ  വടയക്ഷ്യെള്‍ടെ ദംഷ്ട്രെന്നു രെഷിക്കാന്‍. ഞങ്ങളിറക്കും ഏത് കാക്കിക്കോട്ടേന്നായാലും.


    മെമ്പര്‍ ഞാളെതാണെ.... ഞാളെ പെങ്ങളെപ്പോല്യാണെ... മാര്‍ക്കിസ്റ്റ്‌ കുടുംമ്മത്തിലെയാണെ... പഷേ അമ്മ്യോടും പെങ്ങമ്മാരോടും കേട്ട്യോളമ്മാരോടും മീശവെച്ചോനോരുത്തന്‍ സൊകാര്യം പറഞ്ഞാ മ്മളെടപെടൂലേ... ന്താ? മീശ മ്മക്കൂ ണ്ട്.. അതെന്നെ. ഐക്യം.... ഐക്യംന്ന് പറയണേ കടേല് കിട്ടൂല... ഇവ്ട നോക്ക്... കാണും ന്നേ. നാളെ ഞാളെ വീട്ടീക്കേറി ഓന്‍ നെരങ്ങിയാലും ഞങ്ങളിങ്ങന്യേ പറയൂ. ഞങ്ങളേ ആത്മാര്‍ഥതയുള്ള സഖക്കന്മാരാ.
   

മറ്റേ സോദരന്മാരോ? ശുഭ്രവസ്ത്രധാരികള്‍.. കാവി  വെള്ളാപ്പള്ളി ഇത്യാദി എക്കെ? ഇതിലേറെ ഗംഭീരമാണ് അവരുടെ പെര്‍ഫോമന്‍സ്. അവര്‍ക്ക്‌ പണി വേറെയാണ്. ഇതൊന്നും അവരെ സംബന്ധിക്കുന്ന വിഷയമല്ല. നാട്നീളെ നടന്ന്‌ നമ്മളെ തോപ്പിച്ച പാര്‍ട്ടിക്കാരെ തെറിവിളിക്കാന്‍ കിട്ടിയ അവസരം.. അവരിലൊരാളായ മെമ്പര്‍ക്ക്(ആണായാലും പെണ്ണായാലും) നിഷേധിക്കപ്പെട്ട സിമ്പതി... ആ പാര്‍ട്ടിക്കാരുടെ തോന്ന്യാസത്തിന് കൂട്ട്നിന്ന വിഡ്ഢികളായ എന്നെപ്പോലുള്ളവള്മ്മാരെ കളിയാക്കിച്ചിരിക്കല്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍. അതിനിടയ്ക്ക് ഒരുത്തനും ഒരുത്തിയും നാവനക്കില്ല ഈയൊരു നിസ്സാരസംഭവത്തിന്‌. പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ വാതില് മുറുക്കെ അടച്ചങ്ങിരിക്കും ഇനി ഒരു വേണൂം ഇവടെ ന്‍റെ വീട്ടീ കേറൂല്ലാലോ. സമാധാനം!

ഇതിനിടയ്ക്ക്‌ ഒച്ചേം വിളീം ണ്ടാക്കി സോയിര്യക്കേട് ണ്ടാക്കിയ അഞ്ചാറു കമ്മൂണിസ്റ്റ് പെണ്ണുങ്ങളെ സഖാക്കന്മാരങ്ങോതുക്കി നിര്‍ത്തും. പണി തീര്‍ന്നു. വേണു ചാപ്റ്റ്ര്‍ ക്ലോസ്... അവനോ??പൂക്കാട് കണ്ട ഏറ്റവും വല്ല്യ മാന്യനല്ലേ.... ഏതു കാലം കച്ചോടം തോടങ്ങ്യോനാ.. എന്ന് ഈ ആങ്ങളമ്മാരെന്നെ പറഞ്ഞോണ്ട് നടക്കും.... ചെലപ്പോ അവരോട്‌ കൂറുള്ള പെങ്ങമ്മാരും.

ഇവിടെ ദാ ഇത്ര്യോക്ക്യെ ണ്ടായുള്ളൂ.ആര്‍ക്കെന്ത് ചേദം? മെമ്പര്‍ക്കൂല്ല ഇക്കണ്ട പെണ്ണുങ്ങളായ പെണ്ണുങ്ങക്കൂല്ല പരാതി. പിന്നര്‍ക്കാ? ഇനിക്കോ? ണ്ടെങ്കി തന്നെ പള്ളീല് ചെന്നങ്ങ് പറഞ്ഞോ...ന്ന്!


അമ്മിണിക്കുട്ടി ആന്റി-കമ്മ്യുണിസ്റ്റാണെന്ന് നിങ്ങള് ചുവപ്പന്മാര്‍ക്ക് തോന്ന്ന്നുണ്ടാവും.... പരാതിയില്ല. ഫെമിനിസ്റ്റാണെന്നും തോന്നുന്നുണ്ടാവും.... തെറ്റില്ല.ഇക്കണ്ട നേതാക്ക്ന്മാരോടും തലൈവിമാരോടും മൂടുതാങ്ങികളോടും ചോദിക്കാന്‍ ഒന്നേ ഉള്ളു. രാഷ്ട്രീയത്തിനും, മാനവിക മൂല്യങ്ങള്‍ക്കും, സാമൂഹ്യ-അഭിമാന-ദുരഭിമാനങ്ങള്‍ക്കുമപ്പുറം പൌരധര്‍മ്മം എന്നൊന്നില്ലേ? ഇപ്പറഞ്ഞതൊന്നും എന്താണെന്നുപോലുമറിയാതെ, ഒരിക്കലും അറിയാനും അറിയിക്കാനും താല്‍പ്പര്യമില്ലാതെ നാറിയ വ്യവസ്ഥിതിയുടെ ഗര്‍ഭത്തില്‍ പിറന്നുവീണ ചാപിള്ളകളായി ദിനരാത്രങ്ങള്‍ തള്ളിനീക്കാന്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുന്ന ഓരോ ഹൃദയശൂന്യ മലയാളിക്കും അതിലുപരി ചേമഞ്ചേരി നിവാസികള്‍ക്കും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!.... ജയ് ഹിന്ദ്‌....!(മറ്റുള്ളവരുടെ പഞ്ച് ലൈന്‍ അറിയില്ല,ക്ഷമിക്ക്യാ).

   
   

Monday, 7 November 2011

ദിപ്പോ ആരാ ഈ അമ്മിണിക്കുട്ടി????

                     "പറയാം.....എല്ലാത്തിനും അതിന്‍റെതായൊരു  മയൊക്കെ വേണ്ടേ? കാപ്പാടിന്റെ തിലകക്കുറിയായി നിക്കണ ഒരു ഗ്രാമോണ്ട്.....നോക്കണ്ടാ....ണ്ട് ന്നേ...ഒന്ന് വിശ്വസിക്കെന്റപ്പനെ..പേര് പറഞ്ഞാ വിശ്വസിക്കൂലെ? ന്നാ അതാണ് ന്‍റെ പൂക്കാട് എന്ന അതിമനോഹരമായ, പൂക്കള്‍ക്ക് പകരം അങ്ങിങ്ങായി പ്ലാസ്റ്റിക്‌ കുപ്പകളും, മീന്‍ ചല്ലുകളും  മതിലിടുക്കുകളും റോഡ്‌ സൈടുകളും അലങ്കരിച്ചു മാസങ്ങളോളം കുടുംബശ്രീ വണ്ടിക്കായി സുഗന്ധം പരത്തിയങ്ങനെ നില്‍ക്കുന്ന ഗ്രാമം.....
                    
                    ഇതിപ്പോ ഇങ്ങനെ പറഞ്ഞാല് അടിയേതുഭാഗത്തൂന്നു വന്നൂന്ന് ചോതിച്ചാ മതി,കാരണം മറ്റൊന്ന്വല്ല ഇവ്ടത്തുകാര്‍ക്ക് കുറ്റം പറയണതെ ഇഷ്ടല്ലാ.പിന്നെ....പറയും....അതിനൊരു സമയോക്കെ ണ്ട്. ശനിയാഴ്ചയോ അല്ലേല്‍ ഞായറാഴ്ചയോ മാത്രം...അതും മൂന്നു മണിമുതല്‍ അഞ്ചുമണിവരെ.എന്താ ന്നായിരിക്കും??? അതെന്നേ.... ഈ കുടുംബശ്രീ...! അന്നേ ദിവസം ഏതായാലും ഭര്‍ത്താക്കന്മാരുടെ പതിവ് ചായ പോയിക്കിട്ടും... ന്നാ ഭാര്യമാര്‍ക്കും, മക്കള്‍ക്കും കുശാലാ. ചായ,ബിസ്ക്കറ്റ്,അവിലുകുഴച്ചത്.... പിന്നെ ചൂടുള്ള ഗോസിപ്പോളും...സംഗതി കേമം! എന്തൊക്കെയായാലും നല്ലപേരാ ഈ കുടുംബശ്രീയ്ക്ക് ന്‍റെ നാട്ടീ.... ആരാധകരും!
                       
                 ഇടയ്ക്കൊന്നു മുഖം കാണിയ്ക്കാനായി മാവേലീം വരും...ആരാ??? മ്മളെ മെംബറെന്നെ! മൂപ്പരുള്ളപ്പോ ഒരു നാടകോക്കെ ണ്ട് സഭേല്. സ്വാഗതം പറച്ചില്, മിനിട്സ് വായന, കരടു രേഖ  പിന്നെന്തോക്യോ സകലഗുലാബികള്‍! അല്ലാത്തപ്പളോ....? അതല്ലേ ബഹുരസം... അതിനു മാത്രായി മെമ്പര്‍ഷിപ്പെടുക്കണ എത്ര മഹിളാമണികള്ണ്ടെന്നറയോ?
                    
                           എന്താ ന്നല്ലേ.... അപ്പര്‍ത്തെ വീട്ടിലെ പെണ്ണിന്‍റെ കല്യാണം മൊടങ്ങീതും, ഇപ്പര്‍ത്തെ വീട്ടിലെ പെണ്ണുമ്പിള്ള 'കൊട്ടെ'മെടുത്തു 'ഡ്യുട്ടി'ക്ക് പോണതും, പിന്നെ അവള്‍ടെ കെട്ട്യോന്‍ കള്ളുംകുടിച്ച് പൂക്കാട്ടങ്ങാടീല് തുണില്ല്യാതെ നെരങ്ങീതും, കുട്ടി കണ്ടോന്റെകൂടെ  തെണ്ടാനിറങ്ങിയതും എന്നുവേണ്ട എരിവും പുളിയും പാകത്തിനുള്ള കഥകള്‍.... ചെലവോ?? വെറും രണ്ടു മണിക്കൂര്‍ സമയവും ഇരിപതുര്‍പ്പ്യേം.... ചെല വിദുഷികള്ണ്ട്, ഓറ്റയ്ക്ക് മണിക്കൂര്‍ രണ്ടു കഴിഞ്ഞാലും വീട് പിടിക്കണ്ടാ ന്താ കാര്യം? മത്യായില്ല അതെന്നെ... കേട്ട് മത്യായില്ല!
                  കൊല്ലത്തിലൊരിക്കല്‍ വേറൊരു കലാപരിപാട്യൂടി ണ്ട്.... കലോത്സവം..... കുടുംബശ്രീ കലോത്സവം! പരിപാടി തഥൈവ ന്നെ . പോരാത്തെ ഒരേറ്റ പെണ്ണും അന്ത്യാമ്പള്‍തെക്കിണ്ടാകൂല (പതി പരമേശ്വരന്മാര്‍ക്കിഷ്ടോല്ല). പക്ഷേങ്കില് ഈ  'ശ്രീ'കള്ടെ ആണുങ്ങള്  മുഴോന്‍  നടയ്ക്കല്ണ്ടാവും അരഫര്‍ലോങ്ങ്‌ ദൂരെയെത്തണ 'സെന്‍റ്' പൂശി,  തരുണീമണികളുടെ ആട്ടോം ചാട്ടോം കാണാനും... കൂക്കിവിളിക്കാനും തരംകിട്ട്യാ ഒന്ന് തോണ്ടി വിളിക്കാനും മറ്റെല്ലാ സഹായ സഹകരണങ്ങള്‍ക്കും, സ്വന്തം പെണ്ണുമ്പിള്ള മാത്രം ണ്ടാവരുതെന്ന  ഒറ്റ കണ്ടീഷന്‍..... അല്ലാത്തപ്പോ ഞങ്ങക്ക് മാതൃഭൂമിം മനോരമേം മാത്രം മതി!
                   ഓണോം വിഷൂം വരുമ്പോ ശ്രീകള്ടെ ഒരു സ്പെഷ്യല്‍ പരിപാടി ണ്ട്... ചന്ത!!! അവ്ട്യെന്തൊക്ക്യാ ണ്ടാവാന്നറയോ? പൊടികള്‍ പലവിധം,നാടന്‍ തൈലം,മുഖം മിനുക്കി,പപ്പടം തുടങ്ങി അടിപ്പാവാടവരെ... ഹോള്‍സെയില്‍ കടകള്‍ കാലേക്കൂട്ടി  നിരങ്ങി എല്ലാം വാങ്ങിക്കൂട്ടി സ്റ്റോള്‍ നിറയ്ക്കും.. പക്ഷെ അതുമ്മല് ഒട്ടിക്കണ സ്റ്റിക്കറും പേരും സ്വന്തമാണെ... സത്യസന്ധമാണെ.. അതുപോരേ?
       
                               ഇതും പോരാഞ്ഞ് കൂട്ടായി പഞ്ചായത്തിന്റെ ചെലവില്‍ വല്ല വെള്ളരിയോ ചേമ്പോ ആടോ കൊഴ്യോ.. അതും തട്ടാം... പിന്നെ ആദായവും ആനുകൂല്യങ്ങളും സബ്സിഡിയും വേറേം.... ഞങ്ങളൊന്നും ചെയ്തില്ലാന്നു മാത്രം പറയരുത്. "പഞ്ചായത്തിനിപ്പോ ന്താ വേണ്ടേ? അങ്ങനെ പറയുമ്പോ പറയുമ്പോ കുപ്പ വാരലാ ഞങ്ങള് കുടുമ്മത്തി പെറന്ന പെണ്ണുങ്ങള്‍ടെ പണി?പൂക്കാടിനിക്കണ്ട ഭങ്ങ്യൊക്കെത്തന്നെ ധാരാളാ...പിന്നെ ഇത്തിരി നാറ്റം അതിനു മൂക്ക് ദിങ്ങന്യങ്ങു പൊത്യാമതി. ഇല്ലെങ്ങി ഇക്കണ്ട ജനങ്ങളോട്‌ പറ ഒന്ന് വൃത്തിയാക്കിഡാന്‍..ഞാനും പറയാം ഇവരോടൊക്കെ. വേണേല്‍ ന്‍റെ പെണ്ണുങ്ങളീം വിടാം."
                         
                           "നോക്കണ്ടാ... നിയ്ക്ക് മനസിലായി ങ്ങടെ ചോദ്യം... അമ്മിണിക്കുട്ടി ആരാന്നു പറഞ്ഞുതരാംന്നും പറഞ്ഞു  കോറേരായല്ലോ ഇവള് ഇവടിരുന്നു ഷൈന്‍ ചെയ്യുന്നൂന്നല്ലേ??? ഞാന്‍ തന്ന്യാ...ഞാന്‍ തന്ന്യാ ഈ അമ്മിണിക്കുട്ടീന്നു പാറയണ 'വെളഞ്ഞവിത്ത്'.... ഇപ്പറഞ്ഞത്‌ ഞാന്‍ പറെണതല്ലാട്ടോ...മറ്റംഗങ്ങള് പറേണതാ....കുശുമ്പത്തിപ്പാറോള്!"
                        
                    "ഞാന്‍ അമ്മിണിക്കുട്ടി....പ്രസിഡണ്ട്,സൗഹൃദ കുടുംബശ്രീ,ആറാ൦ വാര്‍ഡ്‌,പൂക്കാട്."