അവളുടെ കുറിപ്പ്.......
ചോര
വാര്‍ന്ന കണ്ണുകളിറുക്കിയടച്ചു
മുകിലിന്‍ മറയിലൊളിച്ച നിഴലോടായ്
അവള്‍ തേങ്ങി;
"അരുതേ..എന്നെ കൊല്ലരുതേ..."
കൂപ്പി നിന്ന കൈകള്‍ തനിയെ തളര്‍ന്നു വീണു.
നിലം പതിച്ചു
അവള്‍ പിന്നെയും
എന്തൊക്കെയോ പിറുപിറുത്തു.
അടുത്ത ശബ്ദം ..മരുന്നിന്‍റെ മണമുള്ള
ഒരു പുരുഷ ശബ്ദം
"ഹു ഈസ് ദാറ്റ് ലേഡി
ഷൌട്ടിംഗ് ഫ്രം റൂം നമ്പര്‍ സെവന്‍?"
കുലുങ്ങി ചിരിച്ച് കൊണ്ട് അവള്‍
നേഴ്സ്;
"ഓ...അതവളാ..എന്‍റെ പെണ്ണ്."
"ബ്രിംഗ് ഹെര്‍ ടു ദി ഷോക്ക് റൂം!!!"
നനവമര്‍ന്ന മണ്ണില്‍
വിരലാലെഴുതിത്തീര്‍ക്കുകയായിരുന്നു
അവള്‍ അപ്പഴും.
എന്ത്??
അറിയാത്ത ഭാഷ!
തലയിലൂടാദ്യ തരംഗം..
ചൂണ്ടുവിരല്‍ ചെറുതായൊന്നനങ്ങി.
"അ..." എന്ന് മുഴുമിക്കാതെ
പെരുവിരല്‍ വഴി അത് മണ്‍മറഞ്ഞു.
അടഞ്ഞ കണ്ണിന്‍റെ
ശ്വാസവും ഒപ്പം ചേര്‍ന്നു.
അവളുടെ കണ്ണില്‍
തങ്ങി നിന്ന ചോരയ്ക്ക്
ഉപ്പിന്‍റെ മണമായിരുന്നു.
രുചിക്കാന്‍ തോന്നിയില്ല.
ഉറഞ്ഞുപോയുപ്പിന്റെ
വെണ്മ
ദിക്കറിയാതെ വന്ന
ചിരിയില്‍ ഒലിച്ചിറങ്ങി.
ഞാന്‍ നിന്ന വഴിയിലായ്
കണ്ടു
അവളെയും
അവളുടെയപൂര്‍ണ്ണമാം
വാക്കിന്‍ കഷണവും.
അതിനോട് ചേര്‍ക്കുവാനടുത്ത
അക്ഷരം കുറിക്കവേ
വീണ്ടും ഗര്‍ജ്ജനം.
പഴയ ഡോക്ടറോ
നഴ്സോ ചിരിക്കുന്നൂ?
നടുക്കം മാറി...
നോക്കി ചുറ്റും.
ഇല്ല..കാണുന്നില്ല.
'അ' എവിടെ?
എവിടെ അവള്‍?
എവിടെ അവളുടെ മരണക്കുറിപ്പ്??