Tuesday, 18 November 2025

കഥ

വൃഷണങ്ങളില്ലാത്ത പുരുഷന്മാരുടെ ലോകം സ്വപ്നംകണ്ട്
മനം പുരട്ടലുകളോടും ഓക്കാനങ്ങളോടും രമിയ്ക്കാൻ പഠിച്ച്
സ്വാർത്ഥതയുമൊരു ദൈവസിദ്ധ കഴിവെന്നോർമ്മിപ്പിച്ചൊരു രഹസ്യക്കലവറയായി മരി
ച്ചൊടുവിൽ പരസ്യമായ് നഗ്നയാക്ക്പ്പെട്ടവളുടെ
കഥ.

Saturday, 3 August 2013

നിശബ്ദപ്രണയം


കഥയില്ലാത്തൊരു കഥ മനസിലങ്ങനെ 

കനപ്പെട്ടു കിടക്കുന്ന നേരത്താണ്
ദിക്കറിയാതെ വഴിതെറ്റിയൊരു 
മഴയീ മുറ്റത്ത് തെന്നിവീണത്.
കോണിമേല്‍ ക്ലോറിനിട്ടില്ലെന്നമ്മ 
അകത്തുനിന്നുറക്കെ മൊഴിയെ
എന്‍റെയുള്ളിലെ കഥയും മഴയും 
സ്വകര്യമായൊന്ന്‍ കെട്ടിപ്പുണര്‍ന്നുമ്മവെച്ച്
കുതറി മാറി.

പ്രണയമിതുമാവാമെന്നായി
നനഞ്ഞു കുതിര്‍ന്ന വാക്കുകള്‍
വരയിട്ട കോണിമേല്‍
പതിയെ പോറിവരച്ചു.
കൊഴുത്ത പച്ചകലര്‍ന്ന വാക്കുകളിലപ്പോഴും
മഴ സമ്മാനിച്ച ചളിമണം
മാത്രമവശേഷിച്ചു.

Wednesday, 3 July 2013

മഴമന്ത്രണം





ഈ രാത്രിയ്ക്കുമുണ്ടൊരു പ്രത്യേകത..
കണ്ണീരിനുപ്പും
ഇഷ്ടപ്പെടലിന്റെ മധുരവും
നഷ്ടപ്പെടലിന്റെ നൊമ്പരവു-
മലിഞ്ഞു ചേര്‍ന്ന
രുചിയില്ലാത്തൊരു മഴ കനത്തു
പെയ്യാനായ് കാത്തു നില്ക്കുന്നുണ്ട-
ങ്ങകലെ.
സ്വന്തം ഭാരം താങ്ങാനവാതെ
ആടിയുലയുന്ന കാറ്റുണ്ട്
മറ്റൊരുകോണില്‍...
പിന്നെ ഞാനുമുണ്ട്
നീയുമുണ്ട്
അക്കരെയുമിക്കരയുമായി..
നമുക്കിടയില്‍
തീര്‍ത്തിട്ടും തീരാതെ
തോരാതെ പെയ്യുന്ന
മഴയുണ്ട്.
നിശബ്ദത മാത്രം
മൊഴിയുന്ന രണ്ടു ചുണ്ടുകളും
ആഴങ്ങളിലെങ്ങോ

 പഴയൊരു  മൂളിപ്പാട്ടുമുണ്ട്.
പിന്നെയും ചിലതെന്തോക്കെയോ 
രാത്രിയുടെ മറയില്‍
ഇരുട്ടിന്‍റെ ഉള്ളറയില്‍ 
അവ്യക്തമായി 
ഞരങ്ങിയും മൂളിയും 
വഴിമുടക്കിയും നേരം കൊല്ലുന്നു.
മഴ...അവളിന്നും പിണക്കത്തിലാണ്
എന്തിനെന്നില്ലാതെ ആരോടെന്നില്ലാത്ത 
പിണക്കം.

Tuesday, 27 November 2012

പെണ്ണത്തത്തിലേക്കിനിയെത്ര?

പെണ്ണത്തത്തിലേക്കിനിയെത്ര?


(നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകള്‍ എവ്വിധമാകാമെന്ന് എനിക്കറിയാം .ഉടക്കാന്‍ കാരണമന്വേഷിച്ച് നടക്കുന്ന നമ്മള്‍ മനുവര്‍ഗത്തിന് എന്തും പ്രകോപിതകാരണങ്ങളാണല്ലോ(ഇവിടെ ഞാനത് തിരുത്തിപ്പറയേണ്ടതുണ്ട് കാരണം ഇവിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമേ കാണൂ.അവിടെ തെളിയുന്ന പുച്ഛം തുപ്പുന്ന ചിരി എനിക്ക് മാത്രമല്ല ഒരുപക്ഷെ ഇനിയും സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടില്ലാത്ത എന്‍റെ ചില സുഹൃത്തുക്കള്‍ക്കും കാണാകും.)

ആണത്തത്തെക്കുറിച്ച് നമ്മള്‍ ഒരുപാടു കേട്ടിരികുന്നു. ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടതും ഒത്തിരിയാഘോഷിക്കപ്പെടുന്നതും ഒരിക്കലും പുതുമ നഷ്ടപ്പെടത്തുമായ ഒരു വിഷയമായി അന്നും ഇന്നും എന്നും ഇതെങ്ങനെ നിലനില്‍ക്കുന്നു എന്ന വസ്തുത എന്നെ ഏറെ ചിന്തിപ്പിചിട്ടുണ്ട്.ഒപ്പം ഇത്തിരി വേദനയോടെ എന്തുകൊണ്ട് പെണ്ണത്തം എന്നത് നിഘണ്ടു അംഗീകരിക്കാത്ത വിലകുറഞ്ഞ ഒരു ജല്പനം മാത്രമായൊതുങ്ങി എന്നും കൂടെക്കൂടെ ചിന്തിച്ചു.അപ്പോള്‍ ഭൂവില്‍നിന്നുരുത്തിരിഞ്ഞ അശരീരി ഇതായിരുന്നു പെണ്ണത്തം എന്നതിനെക്കാള്‍ സ്ത്രീത്വം ആണ് ശരിയായ പദപ്രയോഗം എന്ന്. സ്ത്രീത്വം...ശരിതന്നെ. അപ്പോള്‍ പൗരുഷം?

ഇല്ല.മതിയായ ഉത്തരം ഇല്ല..ഇല്ലാതായതല്ല.ഇല്ലാതക്കപ്പെടുക മാത്രമാണെന്ന സത്യം മനസിലാക്കുകയായിരുന്നു തുടര്‍ന്ന്.പകരം സ്ത്രീക്ക് നിശ്ചയിക്കപ്പെട്ട ഒത്തിരി മലയാളവാക്കുകള്‍ നിഘണ്ടുവില്‍ തെളിഞ്ഞു....ശ്രീത്വം,കന്യകാത്വം,മാതൃത്വം എല്ലാം വിരല്‍ ചൂണ്ടുന്നതോ പെണ്ണിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്, ശരീരത്തിലേക്ക്.അവിടെ തുടങ്ങുകയും അവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്ന ആണിന്‍റെ സ്ത്രീത്വം.അപ്പോള്‍ പറയാതിരിക്കാന്‍ വയ്യ ഈ വാക്ക് പെണ്ണറിഞ്ഞുള്ളതല്ല. പെണ്ണിനു വേണ്ടിയാകാനും തരമില്ല.
ശരിയായ ഒരു നിര്‍വചനം നല്കാന്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന ആണ്‍വിധിയെഴുത്തില്‍ തൃപ്തിയും അതൃപ്തിയും പ്രകടിപ്പിച്ച് കഴിയുന്ന ഒരു വിഭാഗം ഇന്നും പെണ്ണത്തത്തിനായി പോരാടുന്നു. ആണത്തത്തെ ആള്‍ബലംകൊണ്ടും അംഗബലംകൊണ്ടും കായബലംകൊണ്ടും സ്ഥാപിച്ചെടുക്കുമ്പോള്‍ എന്തുകൊണ്ട് പെണ്ണത്തം ഇല്ലാതാകുന്നു എന്നതിന്‍റെ ഉത്തരം പകല്‍പോലെ വ്യക്തമാണ്.
    
      “ഇസം പ്രതിഭാസങ്ങളെ നമ്മള്‍ ന്യായീകരിക്കുന്ന പോലെ തന്നെ ഇവിടെ നമുക്ക്‌ ത്തംങ്ങളെയും ആക്ഷേപിക്കാം.കാരണം ഒരു വാക്കിനും ഒരു പ്രവൃത്തിക്കും അപ്പുറത്ത് മറ്റെന്തോക്കെയാലോ നിയന്ത്രിക്കപ്പെടുന്ന ഒരു അവസ്ഥാന്തരമാണ് ഇവയും. 
അത്തരം വിചാരങ്ങളിലേക്കെത്തിപ്പെടാനുള്ള തിടുക്കമില്ലായ്മയാവാം ഒരു പക്ഷെ പെണ്ണത്തത്തിന് ആക്കം കുറയ്ക്കുന്നത്.അല്ലെങ്കില്‍ അവസരനിഷേധത്തിന്റെ ബാക്കി പത്രവുമാവാം പെണ്ണത്തത്തിന്‍റെ ഇല്ലായ്മയ്ക്ക്‌ കാരണം. സ്ത്രീത്വം എന്ന പുരുഷ സങ്കല്‍പത്തെ ഉടച്ചുവാര്‍ക്കുന്ന ഒരു പ്രതിഭാസമായി പെണ്ണത്തം ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമായി കാണുന്ന ഒരു സമൂഹം ഇന്നുണ്ടെന്നത് ആശാവഹമാണ്.അതിന്‍റെ മുന്നോടിയായിന്ന്‍ നമുക്ക്‌ പെണ്ണെഴുത്തിനെ കാണാവുന്നതാണ്.പതിവ് ചട്ടക്കൂടുകള്‍ ഭേദിച്ച് ഉയര്‍ന്ന ഭാഷ സംസാരിക്കുന്ന പെണ്ണ് ഇന്നും എന്നും ആണിനു ഭീഷണിയാണ്.അത് കാലം തെളിയിക്കുന്നു.ഈ വെല്ലുവിളികള്‍ മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നിശിതവിമര്‍ശനം തന്നെ അതില്‍ തളര്‍ന്നു പോകുന്നു പലപ്പോഴും പെണ്ണത്തം, അതിജീവിക്കുന്നവരാകട്ടെ ദുര്‍നടപ്പുകാരിയും വഴക്കാളിയും താന്തോന്നിയുമാകുന്നു.


ഇത്തരത്തില്‍ എന്നെ ഏറെ ചിന്തിപ്പിച്ച പെണ്ണത്തത്തിനും, വേദനിപ്പിച്ച ആണത്തത്തിനും ഇടയില്‍ തൂങ്ങിയാടിയ ഒരുപാടു ചോദ്യങ്ങളില്‍ ഒരു പ്രധാനചോദ്യചിഹ്നമായി കിടക്കുകയായിരുന്നു നസ്ബന്തികരണ്‍ എന്ന വാക്ക്.എന്‍റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ആദ്യമായി ഞാനാ വാക്ക് കേള്‍ക്കുന്നത്.ദൂരദര്‍ശന്‍ ചാനലില്‍ നിന്ന് തന്നെയാണെന്നാണ് എന്‍റെ ഓര്‍മ.ഹിന്ദി തരക്കേടില്ലാതെ അറിയാമായിരുന്നിട്ടും ഈ വാക്കിന്റെ അര്‍ഥം മനസിലായില്ല.വായില്‍ കിട്ടിയ പുതിയ വാക്ക് ഏതോ ഒരു പുതിയ ബ്രാന്‍ഡ്‌ ചോക്ലേറ്റിന്റെ പേരുപോലെ വീണ്ടും വീണ്ടും എടുത്തുപറയുമ്പോള്‍ അടുത്തുനിന്ന് സരസമായി ചിരിച്ച എന്റെയെട്ടനെ ഞാന്‍ കാണുന്നു.ചിരി മാത്രമല്ല അതിങ്ങനെ പറയാതെ എന്ന് വിലക്കുകയും ചെയ്തു അവന്‍.ആ ചിരിക്ക് പ്രത്യേകിച്ചൊരര്‍ത്ഥം ഉണ്ടായിരുന്നോ?ആ വാക്കുകളില്‍ ഒളിഞ്ഞിരുന്നതും ഒരുതരം ആണത്തത്തിന്റെ മണമായിരുന്നോ?

അര്‍ത്ഥമെന്താണെന്നു മനസിലായില്ലെങ്കിലും ചെയ്താല്‍ സര്‍ക്കാര്‍ പൈസ തരുമെന്നും,ആണുങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്നും മനസിലായി.പരസ്യത്തില്‍  സൈക്കിളില്‍ വന്ന ഒരു ചേട്ടന്‍ ഞാന്‍ ചെയ്തു,നീ ചെയ്തില്ലേ പേടിക്കാനൊന്നുമില്ല എന്ന് പറയുന്നു.

പക്ഷെ സംഭവം എന്താണെന്ന് എത്ര ചോദിച്ചിട്ടും ചിരി മാത്രമായിരുന്നു ഏട്ടന്റെ ഉത്തരം.അതും ഒരു കൌശലമാണ്.സ്ത്രീ അറിഞ്ഞിരിക്കേണ്ടതല്ല എന്നറിയിക്കാന്‍ പലപ്പോഴും എളുപ്പത്തില്‍ എടുത്തണിയാവുന്ന അംഗവിക്ഷേപം. അവളെ മയക്കാനും ഒതുക്കാനും കണ്ടു പിടിച്ച പഴയൊരായുധം. നീയതറിഞ്ഞുകൂടാ അല്ലെങ്കില്‍ നീയത് പറഞ്ഞുകൂടാ കാരണം അത് ചോദ്യങ്ങളായേക്കാം.ചോദ്യങ്ങള്‍ പലപ്പോഴും ഭീഷണികളും.

എന്‍റെ വളര്‍ച്ചയോടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയ നസ്ബന്തികരണ്‍  അഥവാ Vasectomy ഇപ്പൊ എല്ലാവര്ക്കും, ആണത്തമുള്ളതും ഇല്ലാത്തതുമായ ആണുങ്ങള്‍ക്ക് പോലും, അറിവായിക്കാണും. എനിക്കും മനസിലാകുന്നു.

ഇന്ന് വീണ്ടും ഓര്‍മയുടെ താളുകളിലേക്ക് കടന്നു വരികയയിരുന്നു പണ്ടെന്നോ മറന്ന പൗരുഷത്തിന്‍റെ ആ ചോദ്യ ചിഹ്നം. ഇത്തവണ അതിനു കാരണക്കാര്‍ ആകാശവാണിയും. രാവിലെ ചടങ്ങിനു വാതുറന്ന റേഡിയോ അരമണിക്കൂറോളം പറഞ്ഞത് ഇതിനെക്കുറിച്ചായി. ആണുങ്ങള്‍ കേള്‍ക്കാനിടയില്ലാത്ത കേള്‍ക്കാനിഷ്ടപ്പെടാത്ത സംസാരം. എന്തുകൊണ്ടെന്ന് നിങ്ങള്‍ ഊഹിച്ചുകൊള്ളുക.

ഉടനെ തന്നെ മനസിലേക്ക് കടന്നു വന്ന ചിത്രം മറ്റൊന്നായിരുന്നു.കഴിഞ്ഞ ദിവസങ്ങളിലെന്നോ ഫേസ്ബുക്കില്‍ പാകിസ്ഥാന്‍ പട്ടാളത്തെയും ഭീകരവാദികളെയും കളിയാക്കി ആരോ ഇറക്കിയ ഒരു പോസ്റ്റ്‌......,ഒരു പടം.

സ്ത്രീയുടെ മറയാലൊളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന പാക്‌പുരുഷന്‍ അവനോടു പൊരുതുന്ന ആണത്തത്തിന്‍റെ പ്രതീകമായൊരു ധീര ജവാനും.അത് കണ്ടാസ്വദിച്ച ബഹുഭൂരിപക്ഷം പുരുഷന്മാരില്‍ ആരും തന്നെ ഒരിക്കല്‍പ്പോലും തന്നിലേക്ക് നോക്കിയില്ല.പകരം ഭീരുവായ ഒരു യോദ്ധാവിനെ മാത്രമാണവിടെ കണ്ടത്‌.അതില്‍ പ്രതിഫലിച്ചത് തന്റെ മുഖമായിരുന്നു എന്ന് മനസിലാക്കാനുള്ള ചാതുര്യവും അവര്‍ക്കന്ന്യമായിരുന്നു.രണ്ടു ചിന്തകളാണ് അവിടെ പങ്കുവെക്കപ്പെട്ടത്.ഒന്ന് ആണത്തം സ്ത്രീക്ക് പിറകിലല്ല മുന്‍പിലാണ്..മറ്റൊന്ന് സ്ത്രീ പുരുഷന്റെ ബാധ്യതയാണ്... അവള്‍ക്ക് മാതൃത്വവും(ഇതില്‍ രണ്ടിലും സ്നേഹം,സുരക്ഷിതത്വം എന്നീ വികാരങ്ങള്‍ പുറംപൂച്ചായി പ്രദര്‍ശിക്കപ്പെടുന്നു).

ആണത്തം അവ്വിധമാണ് തെളിയിക്കേണ്ടതെന്നാണ് ഭൂരിപക്ഷമെങ്കില്‍ എന്തുകൊണ്ട് പുരുഷന് വന്ധ്യംകരണം ഒരു ആഭൂഷണമായി കണ്ടുകൂടാ?

ആണത്തത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തി ആണോ അത്? എന്നതായിരുന്നു ഒരു ശ്രോതാവിന്റെ സംശയം.ഈ ഒരു ചോദ്യം എന്നെ തെന്നിനീക്കിയത്‌ പ്രസവംനിറുത്തലെന്ന് ലാഘവമായി പറഞ്ഞു പോകുന്ന വന്ധ്യംകരണം എന്ന സ്ത്രീത്വചടങ്ങിലേക്കാണ്. രണ്ടാം പ്രസവം(പലപ്പോഴും) കഴിയുമ്പോള്‍ സ്ത്രീകളുടെ ഇഷ്ടം അന്വേഷിച്ചോ അന്വേഷിക്കതെയോ പ്രസവ ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ഞങ്ങള്‍ക്കിനി കുട്ടികള്‍ വേണ്ട അതുകൊണ്ട് നിര്‍ത്തുന്നു എന്ന കൊഞ്ചലില്‍ അവളിലൂടെ ഊര്‍ന്നിറങ്ങുന്നത് നിറഞ്ഞ അജ്ഞത മാത്രമാണ്.ഞങ്ങള്‍ക്കിനി കുട്ടികള്‍ വേണ്ട, ഞങ്ങള്‍ നിറുത്തുന്നു എന്നിടത്ത് തീരുന്നു ആ ഒരുമ.ഞങ്ങള്‍ക്കു വേണ്ടി ഇതുമായും അവള്‍ പൊരുത്തപ്പെടുന്നു എന്ന് വേണം പറയാന്‍  അവിടെ അവള്‍ക്കു നഷ്ടപ്പെടുന്നതെന്താണ്? അവള്‍ നഷ്ടപ്പെടുത്തുന്നത് എന്താണ്? അവളുടെ പെണ്ണത്തമല്ലേ? അവള്‍ക്ക്‌ നഷ്ടപ്പെടുന്നത് അവളിലുള്ള സ്വതന്ത്ര്യമല്ലേ? ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങള്‍ അവളേറ്റെടുക്കുന്നു. എന്തിന്? ഭാവിയില്‍ കുഞ്ഞുണ്ടാവാതിരിക്കാന്‍ എന്തുകൊണ്ട് പുരുഷനത് ചെയ്തുകൂടാ? പുരുഷനും സ്ത്രീയും ഒരുപോലെ ഒരേ സമയം വസെക്ടമിയും ട്യുബെക്ടമിയും ചെയ്യുന്നില്ല? ചോദ്യങ്ങളാണ്.



അവിടെ പുരുഷന്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം സ്ത്രീയ്ക്കെങ്ങനെ അന്യമാകുന്നു?അവിടെ പുരുഷന് നഷ്ടമാകുന്നതെന്തോക്കയോ അത് തന്നെയാണ് സ്ത്രീയ്ക്കും പലപ്പോഴും ത്യജിക്കേണ്ടി വരുന്നത്.ഒരുപക്ഷെ അതിലുമേറെ നഷ്ടം ഏറ്റുവാങ്ങാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. പുരുഷവന്ധ്യംകരണ ശസ്ത്രക്രിയയെക്കാള്‍ എന്തുകൊണ്ടും ഭയാനകവും ഏറെ വേദനാജനകവുമാണ് സ്ത്രീയുടേത്. അനന്തരഫലങ്ങളും പലപ്പോഴും അവള്‍ക്ക് പ്രതികൂലമാകുന്നു. എന്നിട്ടും എന്ത്കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ആണത്തം ഒരു ചെറിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല? പ്രസവ മുറിയില്‍ ഭാര്യയുടെ വേദന ഇല്ലായ്മ ചെയ്യാന്‍ കൂടെയിരുന്നു കണ്ണീരൊഴുക്കുന്ന ഭര്‍ത്താക്കന്മാര്‍ അറിയുന്നതിന്...നിങ്ങള്‍ക്ക്‌ ചെയ്യാവുന്ന മറ്റൊന്നുണ്ട്. അതും ആണത്തത്തിന്‍റെ മറ്റൊരു മുഖമാണ്.

ജനനനിയന്ത്രണം ആവശ്യമേയല്ല എന്ന് ഞാനഭിപ്രായപ്പെടുന്നില്ല എന്നാല്‍ എന്തുകൊണ്ട് ഈ നിയന്ത്രണം പലപ്പോഴും സ്ത്രീയ്ക്ക് മാത്രമാകുന്നു എന്നത് ചിന്തനീയമാണ്.ആ ചിന്ത കൊണ്ടെത്തിക്കുന്നത് പുരുഷന്‍റെ പൌരുഷം അവന്‍റെ ലിംഗത്തില്‍ ഒതുങ്ങി നില്‍ക്കുന്നു എന്ന അവന്‍റെ തന്നെ വിശ്വാസത്തിലാണ്. ഭൌതികമായ അവസ്ഥാന്തരങ്ങളിലൂടെ അവന്‍ അളവുകോലുകള്‍ നിര്‍മ്മിക്കുകയും അത് പെണ്ണില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.അവിടെ സ്ത്രീ ശരീരമായൊതുങ്ങുന്നു.വികാരങ്ങളിലും വിചാരങ്ങളിലും യാന്ത്രികത നിറയ്ക്കപ്പെട്ട ദിശാബോധം നഷ്ടപ്പെട്ട പെണ്‍കോലങ്ങള്‍.വേദനിക്കാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്നര്‍ത്ഥം വെക്കുന്ന
To the woman he said, I will greatly increase thy travail and thy pregnancy; with pain thou shalt bear children; and to thy husband shall be thy desire, and he shall rule over thee.”

പ്യുവര്‍ലി പുരുഷബൈബിള്‍ വചനത്തെ ആയുധമാക്കി, മറയാക്കി അധികാരം സ്ഥാപിക്കുന്ന വരേണ്യവര്‍ഗ്ഗത്തിനടിമപ്പെട്ടുപോകുന്നു പെണ്ണത്തം. പലപ്പോഴും അവള്‍ അറിയാതെ പോകുന്നു വിശ്വാസങ്ങളുടെ കീഴ്വഴക്കങ്ങളുടെ വാഗ്വാദങ്ങളുടെ ഇടയില്‍ അവള്‍ക്കു നഷ്ടപ്പെടുന്നവയെന്താണെന്ന്. സ്വന്തം ശരീരത്തില്‍ അവള്‍ക്കുള്ള അധികാരം നിഷേധിക്കപ്പെടുന്നു.അവളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തപ്പെടുന്നു.എങ്ങനെ?

ഞാന്‍ എന്ന വിശ്വാസത്തില്‍ നിന്നുയരുന്ന പെണ്ണത്തം ഇന്നും പലര്‍ക്കും അന്യമാണ്.അവള്‍ എന്ന പുറംചട്ടയണിയാന്‍ നിര്‍ബന്ധിതയാകുന്നവരാണ് പലരും. അവള്‍ക്ക് സ്വത്വം നഷ്ടമാകുന്നുവെന്നത് അങ്ങനെ അവളുടെ മാത്രം പരാജയമാകുന്നു.

പതിവ് ചടങ്ങുകളില്‍ ഒതുക്കി നിര്‍ത്താനുള്ള,ചട്ടക്കൂടുകളെ ഭയന്ന് ജീവിക്കാനുള്ള പാഠങ്ങള്‍ അവളെ ബാല്യം മുതല്‍ക്കെ പഠിപ്പിച്ചു വിടുന്നു.കന്യകാത്വം അവളുടെ രക്ഷാകവചവും വിവാഹം അവളുടെ ഭാവിയും ഭര്‍ത്താവ്‌ അവളുടെ ദൈവവുമായി മാറുന്നു.മാതൃത്വം അടിച്ചേല്പ്പിക്കലും രതി പീഡനവും ആകുന്നു.അതില്‍ അവള്‍ സൌഖ്യം കണ്ടെത്തുന്നു.ഒരുനാള്‍ ചോരവാര്‍ന്നു മരിക്കുന്നു.
അവിടെ തീരുന്നു സ്ത്രീത്വം.അവിടെ തീരുന്നു പെണ്ണത്തം എന്ന് പുരുഷ ഭാഷ്യം.അതു കണ്ടവരട്ടഹസിക്കുന്നു  കൊഞ്ചന്‍ തുള്ളിയാ മുട്ടോളം പിന്നേം തുള്ളിയാ ചട്ടീല്.

    ഇതിനപ്പുറത്തുള്ള സ്ത്രീസ്വര്‍ഗത്തെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും പെണ്ണത്തത്തെക്കുറിച്ചും സംസാരിക്കാനുള്ള ആണത്തം ചുരുക്കം ചിലരില്‍ മാത്രമൊതുങ്ങുന്നുവെന്നത് ശോചനീയമായ വസ്തുതയാണ്.ഒരു വര്‍ഗത്തെ അടച്ചാക്ഷേപിക്കുകയും മറ്റൊരു വര്‍ഗത്തെ കണ്ണടച്ചു പിന്തുണക്കയാണെന്നുമുള്ള വിമര്‍ശനമുണ്ടായെക്കാം.പുരുഷ വിരോധിയെന്ന ആക്ഷേപങ്ങള്‍ക്കുള്ള സാധ്യതയും ചെറുതല്ല.എന്നാല്‍പ്പോലും സമത്വമെന്ന ആശയത്തിനുവേണ്ടി ഇടതടവില്ലാതെ പൊരുതുന്ന മഹാന്മാരുടെ ഇടയില്‍ മഹതികള്‍ തീരേ ചെറുതാകുന്നു എന്ന വേദനയില്‍ നിന്നുരുത്തിരിയുന്ന ചിന്തകളെ എന്തുപേരിട്ടു വിളിച്ചാലും അതിലെ മാനുഷിക മൂല്യങ്ങളൊട്ടും ചോര്‍ന്നു പോവില്ല.

   


Sunday, 15 July 2012

അവള്‍

അവളുടെ കുറിപ്പ്‌.......

ചോര
വാര്‍ന്ന കണ്ണുകളിറുക്കിയടച്ചു 
മുകിലിന്‍ മറയിലൊളിച്ച നിഴലോടായ് 
അവള്‍ തേങ്ങി;
"അരുതേ..എന്നെ കൊല്ലരുതേ..."
കൂപ്പി നിന്ന കൈകള്‍ തനിയെ തളര്‍ന്നു വീണു.
നിലം പതിച്ചു 
അവള്‍ പിന്നെയും
എന്തൊക്കെയോ  പിറുപിറുത്തു.

അടുത്ത ശബ്ദം ..മരുന്നിന്‍റെ മണമുള്ള
ഒരു പുരുഷ ശബ്ദം
"ഹു ഈസ്‌ ദാറ്റ്‌ ലേഡി
ഷൌട്ടിംഗ് ഫ്രം റൂം നമ്പര്‍ സെവന്‍?"
കുലുങ്ങി ചിരിച്ച് കൊണ്ട് അവള്‍ 
നേഴ്സ്;
"ഓ...അതവളാ..എന്‍റെ പെണ്ണ്."

"ബ്രിംഗ് ഹെര്‍ ടു ദി ഷോക്ക്‌ റൂം!!!"

നനവമര്‍ന്ന മണ്ണില്‍ 
വിരലാലെഴുതിത്തീര്‍ക്കുകയായിരുന്നു 
അവള്‍ അപ്പഴും.
എന്ത്??
അറിയാത്ത ഭാഷ!

തലയിലൂടാദ്യ തരംഗം..
ചൂണ്ടുവിരല്‍ ചെറുതായൊന്നനങ്ങി.
"അ..." എന്ന് മുഴുമിക്കാതെ 
പെരുവിരല്‍ വഴി അത് മണ്‍മറഞ്ഞു. 
അടഞ്ഞ കണ്ണിന്‍റെ
ശ്വാസവും ഒപ്പം ചേര്‍ന്നു.

അവളുടെ കണ്ണില്‍ 
തങ്ങി നിന്ന ചോരയ്ക്ക് 
ഉപ്പിന്‍റെ മണമായിരുന്നു.
രുചിക്കാന്‍ തോന്നിയില്ല.
ഉറഞ്ഞുപോയുപ്പിന്റെ 
വെണ്മ
ദിക്കറിയാതെ വന്ന 
ചിരിയില്‍ ഒലിച്ചിറങ്ങി.

ഞാന്‍ നിന്ന വഴിയിലായ് 
കണ്ടു 
അവളെയും 
അവളുടെയപൂര്‍ണ്ണമാം 
വാക്കിന്‍ കഷണവും.

അതിനോട് ചേര്‍ക്കുവാനടുത്ത 
അക്ഷരം കുറിക്കവേ
വീണ്ടും ഗര്‍ജ്ജനം.
പഴയ ഡോക്ടറോ
നഴ്സോ ചിരിക്കുന്നൂ?

നടുക്കം മാറി...
നോക്കി ചുറ്റും.
ഇല്ല..കാണുന്നില്ല.
'അ' എവിടെ?
എവിടെ അവള്‍?
എവിടെ അവളുടെ മരണക്കുറിപ്പ്??



Friday, 4 May 2012

പൂച്ചയും ഫെമിനിസവും


പൂച്ചയും ഫെമിനിസവും


പൂച്ചയിലേക്ക് കടക്കുംമുമ്പ് ഒരിക്കല്‍ക്കൂടി അമ്മയില്‍ നിന്ന് തൊടങ്ങാം. പിന്നെ കത്തിക്കേറാന്‍ പറ്റ്യ വേറൊരൈറ്റം കൂടി ണ്ടല്ലോ....ഫെമിനിസം.

എന്തായാലും ഞാന്‍ വീണ്ടും മടങ്ങുന്നു....അമ്മയിലേക്ക്.എന്‍റെ അമ്മ ഫെമിനിസ്റ്റ്‌ ആണോ?ആ വേരീന്നാണോ എനിക്കീ ലെഷണം കെട്ട സൂക്കേട് കിട്ട്യേ? അല്ലാലോ.അമ്മയല്ല... അമ്മ നല്ല അനുസരണയുള്ള ഒരു മോളായിരുന്നു അമ്മാച്ചന്.... അമ്മാമ്മയ്ക്ക്, നല്ലൊരു പെങ്ങളായിരുന്നു നാല് സോദരങ്ങള്‍ക്കും.... പിന്നെ നല്ലൊരു ചേച്ചീം അനിയത്തീം പിന്നെന്തൊക്യോം ഒക്കെ ആയിരുന്നേ... കല്യാണം കഴിഞ്ഞപ്പളും അമ്മ അങ്ങന്യോക്ക്യെന്നെ...നല്ല മരുമകള്‍... നല്ല ഏട്ത്യമ്മ.... നല്ല നാത്തൂന്‍..... ആ.... നല്ല ഭാര്യേം....!

അപ്പൊ ങ്ങള് ചോയിക്ക്യും എപ്പളും നല്ല്യാണേല്‍പിന്നെന്തിനാ പ്പോ ചോറിഞ്ഞോണ്ട് വരണേന്ന്.... ഉണ്ടേ... കാര്യോണ്ടേ... ഇങ്ങന്യോക്കെ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടി പാസ്സായ എന്റ്യമ്മ ദാ ഒരു ദെവസം രാവിലെ എണീറ്റു.... ഒരു തീരുമാനങ്ങ് എടുത്തു...ന്താ?? കല്യാണത്തിന് മുമ്പ്-(എസ്.എസ്.എല്‍.സി പാസ്സാകാനുള്ള ഭാഗ്യം അമ്മമ്മേം വല്യമ്മേം കൊട്ത്തില്ല, നെരത്ത്യുള്ള പേറു കാരണം(കാരണക്കാരെ സൗകര്യപൂര്‍വം മറക്കുന്നു), പിന്നെ കുട്ട്യോളുടെ ആയപ്പണി സേവാസംഘത്തിന്റെ മെമ്പര്‍ഷിപ്പ്‌കൂട്യായപ്പോ അമ്മ തന്നെ പത്താം ക്ലാസ് തോല്‍വി സമ്മതിച്ചു.).. അപ്പൊ പറഞ്ഞു വന്നത്... നിങ്ങളുടെ ഭാഷയില്‍, പത്താം തരാം കടക്കാനുള്ള പുത്തി പോലൂല്ലാത്ത വെറും പെണ്ണ്, കല്യാണത്തിന് മുമ്പേന്നെ ഒര് ചെറ്യ ജോല്യൊക്കെ തരപ്പെട്ത്തി. നോക്കണേ... പത്ത് കടന്ന കുട്യേട്ത്തി അപ്പളും അടക്കളെലെന്നെണ്ട്.


അങ്ങനെ നിന്ന നേരത്താണ് അച്ചാച്ചന്റ്യോപ്പം ഗുജറാത്തില്‍ കഴിഞ്ഞെന്റെ സര്‍ട്ടിഫിക്കറ്റും പിന്നെ പോളിട്ടെക്നികിലെ കരകൌശല സര്‍ട്ടിഫിക്കറ്റും ഒക്കെ കയ്യീക്കരുതി എന്‍റെ കഥയിലെ നായകന്‍ അരങ്ങിലെത്തുന്നത്. ദേഹം നാട്ടിലെത്ത്യപ്പോ പണി മറ്റ്തെന്നെ തെക്ക് വടക്ക് സര്‍വിസ്.... ന്നാലോ ആഗ്രഹത്തിന്ണ്ടോ അറുതി?ഒത്തിരി നാളങ്ങനെ നടന്നു..... പൊന്നരിവാളമ്പിളിയില്‍... (അതിനെവ്ടെലും കമ്മ്യൂണിസ്റ്റ്‌ ചൊവ ണ്ടോ? ന്നാ അച്ചനത് പാടീട്ടില്ല ട്ടോ... ഇനി പാട്യാ തന്നെ അമ്മ കേക്ക്വേ ഇല്ല ട്ടോ ;) ) പാട്യങ്ങനെ.... പിന്നെ അമ്മേനെ ഇമ്പ്രെസ് ചെയ്യാനായി ഒര് ജോലി തപ്പ്യൊക്കെ നാട് കടന്നു. ന്നിട്ടും അമ്മ ശ്രധിക്കിന്നില്ലെന്ന് കണ്ടപ്പോ ആളങ്ങ് മാന്യനായി. അച്ചച്ചനേം കൂട്ട്യങ്ങു ചെന്നു പെണ്ണാലോചിക്കാന്‍. അവ്ടെ എല്ലാര്‍ക്കും അച്ചച്ചനെ ഇഷ്ടായി കാരണം മൂപ്പര്‍ക്ക്‌ കേന്ദ്ര ഗവര്‍മെന്റിന്റെ ജോല്യൊക്കെ ണ്ടേ? ന്ന്വേച്ച്?? മൂപ്പരോന്നു കെട്ട്യെ അല്ലേ? അയ്നു മൂപ്പര്‍ക്കല്ലാലോന്നാലോചിച്ചപ്പോ അമ്മാച്ചനും ആങ്ങളമ്മാര്‍ക്കും ഒരേ ചൊറിച്ചില്‍. പറയത്തക്ക ജോലില്ലാത്തൊരു ചെക്കന് എങ്ങന്യാ...ഏത്? അമ്മമ്മയും സഹോദരിമാരും മിണ്ട്ണംന്നില്ല. അവരോക്കെന്തു പറയാനാ? അവര്‍ക്കൊണ്ടോ അയ്നുള്ളെ വിവരം? എന്നിരുന്നാലും അമ്മേനോടോരഭിപ്രായം ചോയ്‌ക്കാന്‍ അവര് മറന്നൂല്ല. പ്രത്യേകിച്ചൊരു ഇഷ്ടവും തോന്നിയിട്ടില്ല എന്ന് അമ്മ അവകാശപ്പെടുന്ന ഈ ചെക്കന്റെം സ്വന്തം അച്ചന്റെം മുന്നില്‍ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. നല്ല കുടുംബത്തിപ്പെറന്ന പെണ്ണിനെ പോലെ ചേച്ചീടെ കല്യാണം ആദ്യം....ന്നിട്ടാവം എനിക്ക്.

ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. കല്യാണം കഴിഞ്ഞ അമ്മയെ ആരേലും നിര്‍ബന്ധിച്ചോ അതോ അമ്മ പിന്നേം നല്ലപിള്ള ചമഞ്ഞോ ഇതൊന്നും പറയാന്‍ എനിക്ക് തരമില്ല,(കാരണം ഞാനപ്പഴും ലാന്‍ഡ്‌ ചെയ്തിട്ടില്ലാലോ).അമ്മ ആ പഴയ ജോല്യങ്ങുപേക്ഷിച്ചു സിമ്പിളി... പോരാത്തെന് അച്ഛനങ്ങ് കൊണ്ടൂവേം ചെയ്തു അമ്മേനെ... പുതുക്കത്തില് തന്നെ... അതിനും പുകിലുകള്‍ പലവിധം ണ്ടായി ട്ടോ അച്ചാത്ത്(അമ്മാത്തിന്റെ പുല്ലിംഗം:അമ്മിണി വഹ). പിന്നെ അവടെ അമ്മ ബോറടിച്ചും അടുക്കള ഭരിച്ചും പതി-സേവ നടത്തിയും മടുത്തപ്പോ നമ്മടെ ആലിസ് വാക്കര്‍ പറഞ്ഞ പണിയെന്നെ അമ്മയും തൊടങ്ങി.... തുന്നല്‍പ്പണി....പിന്നെ പറയണോ....തുന്നലെന്നെ തുന്നല്....! അതിനിടയ്ക്ക് ഒരു കുഞ്ഞിക്കാലും കണ്ടു..... ആണ്‍കേസരി.... വീരന്‍... എന്റെ ഏട്ടന്‍! കൊറച്ചു കാലം(മൂന്ന്കൊല്ലം) അങ്ങനെ ഏട്ടനെ ഉടുപ്പിച്ചും തീറ്റിച്ചും കുളിപ്പിച്ചും കഴിഞ്ഞു... ദാണ്ടെ വീണ്ടും... അതെന്നെ... കുഞ്ഞിക്കാല്.... നോക്കണേ അച്ചന്റ്യോരത്യാഗ്രഹം!! അതും ആങ്കുട്ട്യാവണെ... ന്നായിര്ന്നത്രേ അച്ഛന്(ഇതും അമ്മ്യാണെ പറഞ്ഞേ, ദൈവത്ത്യാണെ ഞാനല്ല).പിന്നെ അമ്മയ്ക്ക് തീറ്റിയ്ക്കാനും ഉടുപ്പിക്കാനും അട്ത്തെ കൂട്യായില്ലേ?സുഹം!!!

എന്തൊക്യയാലും മാതൃഭാഷാസ്നേഹിയായ എന്റ്യച്ചന്‍ ഇടയ്ക്കും തലയ്ക്കും മാത്രം നാട് കണ്ടുപോന്ന എന്നേം എട്ടനേം അമ്മേനേം മക്കള്‍ മലയാളഭാഷ പഠിച്ചേ ഒക്കൂ എന്ന മട്ടില്‍ നാട്ടിലുപേക്ഷിച്ചു... തറവാട്ടിലെ പെണ്ണുങ്ങള്‍ അപ്പളും തെങ്ങുമ്മേ തന്ന്യായിരുന്നു. തുന്നല്‍ പണി മോശം(അതിനു വേറെ ക്യാപ്ഷന്‍ ണ്ട്....എന്തൊക്കെ പറഞ്ഞാലും കോണോം തുന്നണ പണിയല്ലേ?), ബ്യൂട്ടിപാര്‍ലര്‍...മോശം (അതനൂണ്ടൊരു ക്യാപ്ഷന്‍... എന്തൊക്കെ പറഞ്ഞാലും മൈര് കളയണതല്ലേ പണി?) അമ്മയ്ക്കാണേല്‍ വെറ്തെ ഇരിക്കാനുള്ള കപ്പാസിറ്റീം താല്പര്യോം നഷ്ടപ്പെട്ടു.

ഇല്ല കൊണോം തുന്നുന്നില്ല, മൈരും കളയുന്നില്ല.. അമ്മ തീരുമാനിച്ചു. അന്നത്തെ നിലയ്ക്ക് പത്താം ക്ലാസ്‌ തോറ്റാലും കിട്ടുമായിരുന്ന എല്‍.ഐ.സി ഏജന്‍സി എടുത്തു. ഒന്നും പറയണ്ടേ..... തറവാട്ടിലെ പുഹില്.....അവ്ടെം വന്നു ക്യാപ്ഷന്‍.... രാവിലെ തെന്നെ കൊട്ടേ എട്ത്ത് എറങ്ങണ പണി! പുരുഷകേസരികളുടെ മീശ വിറച്ചു... അടുക്കളപ്പുറത്തെ നത്തൂമ്മാരും അമ്മായിയമ്മയും ചുണ്ട് കോട്ടി.... കണ്ണുരുട്ടി. ന്നാലും അമ്മ തോറ്റുകൊട്ത്തില്ല ഇപ്രാവശ്യം.

എന്തിന് തോറ്റുകൊട്ക്കണം ഇനീംന്ന് തോന്നിക്കാണും. കല്യാണം കഴിഞ്ഞ പുതുമോടിയില്‍ ഉമ്മയ്ക്ക് പകരം അമ്മേടെ കവിള് ചൊമപ്പിച്ച അച്ഛന്റെ അടി അമ്മ ഷെമിച്ചില്ലേ? അത് കണ്ടിട്ടും ഒന്നും പറയാതിരുന്ന അമ്മ-നത്തൂന്മാരുടെ സ്നേഹം സഹിച്ചില്ലേ? ഭര്‍തൃസഹോദരന്മാരുടെ അട്ടഹാസങ്ങള്‍ കേട്ട് വിറച്ചില്ലേ? എല്ലാവരുടേം ചൂണ്ടുവിരലിനറ്റത്തായി, എല്ലാം കേട്ട്, കാണികളില്ലാത്ത അരങ്ങില് കരഞ്ഞ് നിന്നില്ലേ? മത്യായിക്കാണും.

അവിടെത്തുടങ്ങുന്നു അമ്മയുടെ ശനി.....അമ്മയുടെ ഫെമിനിസം!
പിന്നെ പറയേണ്ടതുണ്ടോ?പതിവ് മരുമകള്‍ ജാഡയുടെ ചട്ടക്കൂട് ഭേദിച്ച് അമ്മായൊരഹങ്കാരിയും പടകാളിയും (ആണ്‍ഭാഷ... adopted by പെണ്ണുങ്ങള്‍  too) ഒക്കെയായി വളര്‍ന്നു. അതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അന്ന് സഹിക്കാന്‍ പറ്റാത്ത എന്നാല്‍ ഇന്ന് അങ്ങ് സഹിക്ക്യെന്നെ എന്ന മട്ടില്‍  മുഖംകോട്ടി പറയുന്ന ഒര് ജാതി പെണ്ണ്!

പ്രശ്നങ്ങളില്‍ ഇടപെടുക(അങ്ങനെ പറഞ്ഞാ ചെലര്‍ക്ക് വെഷമാവും... തലയിടുകഎന്ന് പറയണം), അഭിപ്രായം വെട്ടിത്തുറന്ന് പറയുക ( {പെണ്ണാണെങ്കി} നാമൂസിളക്കുക എന്നാണെന്ന് തോന്നുന്നു അതിനു നാമധേയം), ചീത്തവിളിക്കേണ്ടിടത്ത്‌ അന്തസ്സായി ചീത്ത വിളിക്കുക (പെണ്ണിന്റെ പടവെട്ടല്‍, വഴക്കാളിത്തരം ഇത്ത്യാദിത്തരം) എല്ലാം കൈമുതലായി വന്നതോടെ ആളങ്ങ് കത്തിക്കേറി.

കത്തിക്കേറീത് സഹിക്കാന്‍ പറ്റാഞ്ഞ ചില പെണ്ണുങ്ങള്‍ (ചില മെയില്‍ ഷോവിനിസ്റ്റ്‌ പന്നികള്‍ പലപ്പോഴും പറയുന്ന പെണ്ണിന് പെണ്ണെന്ന്യാ ശത്രു ഞങ്ങളല്ല എന്നാ വിഡ്ഢിത്തത്തിന് വെള്ളമൊഴിക്കാന്‍തക്കോണം) പതിവ് പരദൂഷണങ്ങളിലും കുത്തിത്തിരിപ്പ്‌ സമ്മേളനങ്ങളിലും മുഴുകി.അമ്മ തോറ്റില്ല...

അമ്മ തോറ്റത് പിന്നെ രണ്ട് തവണ മാത്രാ....രണ്ടും ധീരമായ തോല്‍വി ന്നേ ഞാന്‍ പറയൂ... രണ്ട് തവണ രണ്ട് വര്‍ഷങ്ങളിലായി അമ്മ പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക്‌ മത്സരിച്ചു..... തോല്‍ക്കുമെന്നുറപ്പായ പെണ്‍സീറ്റില്‍ മത്സരിച്ച് പേടിത്തൂറികളായ ചില കോണ്‍ഗ്രസ്‌ പെണ്ണുങ്ങളെ ഒര് പാഠം പഠിപ്പിച്ചു... ജയിച്ചത്‌ അമ്മ്യെന്ന്യാ എനിക്ക് (എലെക്ഷനല്ല ട്ടോ...അത് കമ്മ്യുണിസ്റ്റാര്കൊണ്ട്വോയി....ഇനീം കൊണ്ട്വോവും... ;) ).

ഇപ്പൊ അമ്മയ്ക്ക് വയസ്സായി.... (സമ്മതിച്ചു തരില്ലാ ട്ടോ). തരരുത്നെന്ന്യാ ന്റെം അഭിപ്രായം. അല്ല ന്നാലും എലൈന്‍ ഷോവാള്‍ട്ടറിനേം, സിമോണ്‍ ഡി ബുവാനേം, വെര്‍ജീനിയ വൂള്‍ഫിനേം, സാന്‍ഡ്ര ഗില്ബെര്ട്ടിനേം ഒന്നും കേട്ട് പരിചയംപോലുമില്ലാത്ത എന്റ്യമ്മ... ഫെമിനിസം ന്ന് പറഞ്ഞാ അയ്യോ! ഞാനില്ലേ....ന്ന് പറയുന്ന അമ്മ... ഇത്രയൊക്കെ ആയില്ലേ.

അമ്മ ഫെമിനിസ്റായില്ലേലും വേണ്ടീല, ന്നാ അമ്മേടെ ഉള്ളില് ഇപ്പളും എവ്ട്യോ ഒര്  തണല്‍മരം ഫിലോസഫി ണ്ട് താനും. എനിക്കാച്ചാ അതും സഹിച്ചൂടാ. ഇപ്പളും ഞാമ്പറയുന്നേ ന്‍റെ ഫെമിനിസം അമ്മെന്റെട്ത്തൂന്നു കിട്ടീതല്ലാന്നെന്ന്യാ ട്ടോ. പിന്നെ സ്വാതന്ത്ര്യം വേണ്ടാത്ത പെണ്ണുങ്ങളെ ഞാന്‍ വെറുതെ വിടാം കാരണം അവര്‍ക്കീ തണല്‍ മരത്തീന്ന് പൊറത്തുവരാന്‍ കൊറച്ചോന്നും പോര സമയം.പഷേ ന്‍റെ അമ്മേനെ എങ്ങന്യാ ഞാന്‍ വെര്‍തെ വിട്വാ?

നമ്മള് പറഞ്ഞേ പൂച്ചേന്റെ ഫെമിനിസം പറയാം ന്നാ...പഷേ അങ്ങന്യല്ലാ ട്ടോ. ഞാനിപ്പോ പൂച്ചയ്ക്ക് വേണ്ടി ഫെമിനിസം പറയാ.... അതെന്താന്നൊക്കെ ങ്ങളങ്ങ് മനസിലാക്കിക്കോ.... ഭയങ്കര ബുദ്ധ്യല്ലേ ങ്ങക്കൊക്കെ.

എന്‍റെ വീട്ടില് ഞാനൊരു പൂച്ചേനെ കൊണ്ട്വോന്നു.ഒര് പെണ്‍പൂച്ച... കുറിഞ്ഞിന്ന് നാട്ടില് പറയും(പെണ്ണ് പാവാണേല്‍ കുറിഞ്ഞീന്നും ഒരിച്ചിരി തണ്ട്ണ്ടേല്‍ കൊടിച്ചീന്നും വിളിക്ക്യുന്ന ഒരു രീതി ണ്ട്. അത് വേറ കാര്യം).എന്തായാലും എന്നെ അമ്മ പറയാത്ത തെറിയില്ല ഒര് പെണ്‍പൂച്ചേനെ കൊണ്ട്വോന്നെന്. കാര്യംന്താ? പെറ്റ് പൊരനേറച്വാളയും അവറ്റൊള്. അപ്പളും ചെറി ബെറീം തൂക്കി ഭീമന്‍ രഘു മട്ടില്‍ ഇനിയേതുണ്ടൊരു പെണ്ണ് എന്‍റെ പൗരുഷചൂടറിയാത്തത് എന്ന് മൂളിപ്പാട്ടുംപാടി മൂട്ടിലെ പൊടീം തട്ടിപ്പോണ കണ്ടനെ(ആണ്‍പൂച്ച) തെറി പറയാന്‍ ആരൂല്ല. ശെരി,എന്‍റെ ആ തെറ്റ് കൊറച്ചു കെറുവിച്ചെങ്കിലും അമ്മ പിന്ന്യങ്ങ് ഷെമിച്ചു. ദേ അപ്പൊ വരുന്നു പ്രായപൂര്‍ത്തിയായ എന്‍റെ ഉണ്ണൂലീന്‍റെ റേയിപ്‌ കേസ്. ആ വക കൊറേ ചീത്ത വേറെ ,പിന്നെ കൊറേ പെഴച്ചു പെറ്റസന്തതികളും. ആറെണ്ണം വരും ആണും പെണ്ണുമായിട്ട്. അവരങ്ങനെ സസന്തോഷം കഴ്യ്വായിര്ന്നു(എനിക്ക് ദെവസോം ചീത്തകേട്ടൂന്നുള്ളേ വേറെ സ്റ്റോറി).

ഇന്ന് മാല്‍ന്യുട്രീഷന്‍ നിമിത്തം രണ്ടെണ്ണം ചത്തു. കണ്ട് സങ്കടിച്ച ഞാന്‍ അമ്മേനെ നീട്ടി വിളിച്ചു. ഓടി വന്ന് സങ്കടം പങ്കുവെക്കുന്നെന്റെ ഇടയ്ക്ക് ഒര് കുഞ്ഞു പൂച്ചെടെ പിന്നാമ്പുറത്ത് നോക്കി അമ്മ ശ്ശൊ, അതല്ലേലൊരു കണ്ടനായ്നൂ L ന്ന്.

പറയാന്‍ ഒരുപാട് ഫെമിനിസം നാക്കിന്തുമ്പത്ത് വന്നു....കാരണം അന്ന് എന്നെ പെറ്റപ്പോ അച്ചനുണ്ടായ നിരാശാബോധം പോലൊരു സാധനം തന്ന്യാ ഇപ്പൊ അമ്മേടെ മൊഖത്തും ണ്ടായീനെ. പെണ്ണിനെ എങ്ങന്യാ സഹിക്ക്യാ? ആണായിനെല്‍ തലവേദന ഇല്ലായ്നു ടൈപ്പ്. ഇത് ഒര് മനുഷ്യജീവിയല്ലാലോ പ്രത്യേകിച്ചും സ്ത്രീ അല്ലാലോ എന്നിങ്ങനെ ഓര്‍ത്ത് വിഷമം മറക്കുകയും അമ്മയോടുള്ള ബഹുമാനവും സ്നേഹവും തിരിച്ചുപിടിക്കാന്‍ മല്ലടിക്കുകയും ചെയ്യുമ്പളാണ് അടുത്ത ന്യൂസ്.

അമ്മയ്ക്ക് പരിചയോള്ള ഒര് എല്‍.ഐ.സി ഏജന്റിന്റെ ഭര്‍ത്താവ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളേം കൊണ്ട് കൊയിലാണ്ടി സ്റേഷനിന്നു വണ്ടിയ്ക്ക് ചാടി മരിച്ചു. ഭാര്യയുടെ ദുര്‍ന്നടപ്പും ഭര്‍ത്താവിന്‍റെ സംശയരോഗവും സാമ്പത്തിക ഞെരുക്കവും ഒക്കെ ആരോപിച്ചു കഴിഞ്ഞ ആത്മഹത്യക്ക്( അങ്ങന്യാണോ അതോ ഒര് പിഞ്ച്‌ പെണ്‍കുഞ്ഞിന്‍റെ കൊലപാതകം എന്ന് പറയണോ എന്ന സംശയം എന്നില്‍ ബാക്കി) വീണ്ടും അമ്മയുടെ വായീന്നോരടിക്കുറുപ്പ് : തള്ള നോക്കാനില്ലാത്ത പെണ്ണിനേം കൊണ്ടെന്താക്കാനാ? അതൊരിത്തിരി വല്തായ പെണ്ണല്ലേ.... അതിന്‍റെ കല്യാണം..... ചെലവ്... അതിനെ ഒറ്റയ്ക്കെങ്ങന്യാ ആക്ക്വാന്ന് കരുതിക്കാണും.

നല്ല അച്ഛന്‍...!, എന്ന് ഞാനും.




(എത്രയൊക്കെ ഫെമിനിസം പറഞ്ഞാലും പെണ്ണുങ്ങള്‍ പെണ്ണുങ്ങള്‍ തന്ന്യാണെന്ന് വിളിച്ച് പറഞ്ഞാഘോഷിച്ച് മേനി നടിച്ചും വലിപ്പം പറഞ്ഞും നടക്കുന്ന ചില വീരന്മാര്‍ക്കും.... അബദ്ധം പിണഞ്ഞതെവിടെയെന്നറിയാതെ വെറുതെ ജീവിച്ചു മരിച്ചും പിന്നെ ഒരുപാട് തമ്മിത്തല്ല് നടത്ത്യും ഞാന്‍ കേമി ഞാന്‍ കേമന്‍ എന്ന് മാത്രം വിളിച്ചു പറയാന്‍ കൊതിക്കുന്ന വിഡ്ഢികള്‍ക്കും..... എന്‍റെ അമ്മയെപ്പോലെ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടിട്ടും എന്തിന്? എങ്ങനെ? എവിടെ? എപ്പോ? എന്ന ചോദ്യത്തിന് മുന്നില്‍ സ്തബ്ദരായി നിക്കുന്ന ഒര് കൂട്ടം സ്ത്രീകള്‍ക്കും ഒപ്പം എനിക്ക് വേണ്ടത്‌ ഭര്‍തൃസ്നേഹവും സുഖവും സമാധാനവും മാത്രമാണെന്ന് നടിക്കുന്ന മരിച്ചു ജീവിക്കുകയാണെന്നുപോലും തിരിച്ചറിയാന്‍ വിധിയില്ലാതെ പോവുന്ന ചില ആത്മാക്കള്‍ക്കും വേണ്ടി അമ്മിണിക്കുട്ടിയുടെ  കഥ സമര്‍പ്പിക്കുന്നു....) 

Thursday, 19 April 2012

അമ്മ


  അമ്മ

        ഈനിപ്പോ ന്താ ഇത്ര ചിരിക്കാന്ള്ളേ? ഇനിയ്ക്കിങ്ങളെ ഇങ്ങ്ളീഷോന്നും അറയൂല.ഞാനിങ്ങളത്ര്യോന്നും പടിച്ചിട്ടൂല്ല്യ.ഇനിയ്ക്കയിന്ള്ള സൌകര്യല്ലായ്നു...അതോണ്ടാ...അല്ലാണ്ട് പഠിക്കാനിഷ്ടോല്ലാഞ്ഞിറ്റൊന്ന്വല്ലായിനു...പത്താം ക്ലാസ്സ്‌ കണ്ടപ്പോ അച്ചനാ പറഞ്ഞേ പെങ്കുട്ട്യേള് പടിച്ചിട്ടിപ്പോ കളട്ടരൊന്നും അവാമ്പോണില്ലാന്ന്………………….

…………….ഓക്കിഞ്ഞ പിടിക്കിണില്ല പ്പൊ....ഓളങ്ങ് മുന്ത്യോളായിപ്പോയിലെ....? ആരാ ഈ മേനകാ ന്നാ?
ഒന്നൂല്ലേ ന്‍റെ വയറ്റീ പെറന്നെ അല്ലേ? ന്നിട്ടാ പെണ്ണിന് നെഗളിപ്പ്...
ഇന്നൂ ഇന്നലേം തൊടങ്ങ്യെ അല്ല... കൊറേ ആയി...

ഇങ്ങക്കൊന്നു മിണ്ടാണ്ടിര്ന്നൂടെ അമ്മേ... എത്രേരായി കലപില കലപിലാന്നിങ്ങനെ....ഹോ! ആ കോളേജ്‌ ഒന്ന് തൊറന്നു കിട്ടീനേല്‍ എന്തൊരു സുഖായ്നൂ...ഈ സോയിര്യക്കേട് ഒയിവായിക്കിട്ട്യേനെ....



         വടക്കേ മുറില് ചെന്നാ ഇപ്പളും കേക്കാം ഞങ്ങള് കൂട്യെ തല്ലും വിളീന്റെ മൊഴക്കം. അന്നമ്മേം ഞാനും നാട്ടില് ഫെയിമസ്സാ, ഞങ്ങളെ ഒച്ച്ച്യോണ്ടെന്നെ. അന്നൊക്കെ എല്ലാരും പറയാ പെണ്ണുങ്ങളെ ഒച്ച അടുക്കളപ്പൊറത്ത് കേക്കാമ്പാടില്ലാന്നാ. ഞാനും അമ്മേമായിറ്റ് ആദ്യായി അതെന്നെ തെറ്റിച്ചു. അയിനു വല്യച്ചന്റെ വായീന്നു കണക്കിന്കിട്ടേം ചെയ്തൂന്ന്ള്ളേ വേറക്കാര്യം! ഇനിക്കിത്തിരി കലശലായിതന്നെ കിട്ടി. പുളി വാറലോണ്ട് തൊടയ്ക്ക് താഴെ നാലെണ്ണം.... ഹോ... ഒന്ന്... രണ്ട്... മൂന്ന്... നാല്ന്നിങ്ങനെ നാല് ചോന്നവര...ഓട്യാ ഓടിച്ചിട്ട് തല്ലും ചെലപ്പോ എന്ണോം കൂടും അതോണ്ട് ഓടിക്കെതയ്ക്കാനൊന്നും നിന്നില....അന്ന് കണ്ണ്ന്ന് കണ്ണീരല്ല ചോര്യാ പോയേ.
ന്നിട്ടെന്താ? ഇനിയ്ക്കെന്തേം മാറ്റൊണ്ടോ?ഇല്ലാലോ...ഇപ്പഴും പഴേ തല്ലുകൊള്ളിയെന്നെ.എല്ലാരും ന്താ പറയാന്നറയോ ഇതമ്മയ്ക്കിണ്ടായ മൊതെലെന്നെ ന്ന്.....
അത് കേക്കുമ്പോ ഇനിയ്ക്കി മറ്റുള്ളോരെപ്പോലെ ദേഷ്യം വര്വോന്നുല്ല്യാ.... ഇയ്ക്കിഷ്ടാ എല്ലാരും അങ്ങനെ പറയ്‌ന്നേ.
അമ്മ ണ്ടായിരുന്നപ്പോക്കെ തല്ലും വിളീം തന്നായിരുന്നു..
നാട്ട്വാരെക്കൊണ്ട് പറയിപ്പിക്കാനും വീട്ട്വാരെക്കൊണ്ട് പറയിപ്പിക്കാനുമായി പെറന്ന രണ്ടു പെണ്‍ജന്മം...അതാ മുത്തശ്ശി ഞങ്ങക്കിട്ട ടൈറ്റില്‍...

        എന്താ ഈ നാട്ടാരെക്കൊണ്ട് പറയിക്കല്‍ ന്ന് അപ്പളാ ഞാന്‍ ചിന്തിക്കാന്‍ തോടങ്ങ്യെ. നോക്കുമ്പോ ശെര്യാ,പറയുന്നുണ്ട് എല്ലാരും.ആരാ ഈ എല്ലാരും എന്നായി അടുത്ത അന്വേഷണം. പിടികിട്ടി. ന്തായാലും അന്യ രാജ്യക്കാരല്ല.പിന്നെ??ദാ രണ്ടടി തെക്കും,വടക്കും,കെഴക്കും,പടിഞ്ഞാറുവായിട്ട് കുടികെട്ടി താമസിക്കുന്ന ചെല നല്ല മനുഷ്യമ്മാരാ അയിന് പിന്നില്ന്നും മനസിലായി.

        മനസിലയിക്കഴിഞ്ഞാപ്പിന്നെ എന്താ? അതുമാത്രം അറിഞ്ഞൂടയിര്ന്നു. അതോണ്ട് ഞാനാപ്പഴേ വഴിക്കെന്നെ ങ്ങനെ നടന്നു. അമ്മയ്ക്ക് മറ്റുള്ളോര്ടെ സ്നേഹം സഹിക്കാമ്പറ്റാതായപ്പോ അമ്മ ഒരു പോക്കുപോയി. ഒരു ദിവസം രാവിലെ എണീറ്റ് നോക്കുമ്പോ അമ്മെല്ല.എങ്ങട് പോയീന്ന് ചോയിച്ച്യോക്കി എല്ലാരുടട്ത്തും,ആര്‍ക്കും ഉത്തരോല്ല.അച്ഛന്‍ പിന്നെ നാട്ടിലില്ലാതോണ്ട് മൂപ്പരെ ബുദ്ധിമുട്ടിക്കേണ്ടിവന്നില്ല.വീട്ടിലാണേല്‍ പന്തം കൊളുത്തിപ്പട..ഹോ!!എല്ലാരുംകൂടെ ന്‍റെ മേലേയ്ക്കായി ചാട്ടം:
നീയും പോയൂട് തോന്ന്യോണംന്ന്.


        അച്ഛന്റട്ത്ത് പോവാംന്നാ ആദ്യം കരുത്യെ...അവടെപ്പോയിട്ടെന്തിനാ?അച്ഛനവിടെ ഏതോ ഒരു വെപ്പാട്ടിണ്ട് ന്നാ അമ്മ പറഞ്ഞ് കേട്ടെ.പേപ്പട്ടിപോലെ ഒരു ഭയങ്കരജീവിയാവും അതും എന്ന ഭയംകൊണ്ട് അവടെ പോവണ്ടാന്ന് തന്നെ ഒറപ്പിച്ചു. പിന്നെങ്ങടാ? എങ്ങടൂല്ല..അച്ചനും അമ്മേം ഇല്ലണ്ടാവുമ്പോ കിട്ടുന്ന ഒരു പ്രത്യേക സ്നേഹമില്ലേ...? കോളേജും പുസ്തകോന്നൂല്ലാത്ത വെണ്ണീരും ചേരിത്തുപ്പും പിന്നെ പാത്രോക്കെ ആയിട്ടുള്ളോരഭ്യാസം? അതായി വല്ല്യച്ഛന്റെം വല്യമ്മേന്റെം സമ്മാനം.ഇടയ്ക്കൊന്നു പൊറത്തെറങ്ങിയപ്പോ ദാ നല്ലവരായ നാട്ടുകാര്‍ പിന്നാലെ....
       
        അല്ലമ്മിണിക്കുട്ട്യെ നിന്‍റെ തള്ള ആ വരുത്തന്റൂടെ ഓടിപ്പോയി ല്ലേ? ഈ തൊട്ടാ തെറിക്കുന്ന പ്രായത്തില് നിനക്കീ ഗതിയാണല്ലോ പൊന്നേ.ന്നാലും നിന്‍റെ തള്ളയ്ക്ക് നിന്‍റെ കെട്ടുകഴിയണവരെ കാത്തൂടായ്നോ? ഇനിപ്പോ എവട്യാ  നെനക്കൊരു ആണ്‍തൊണ?
   
    വയസ്സാം കാലത്ത് നിന്‍റെ തള്ളയ്ക്കെന്തിന്റെ കടിയായ്നു പെണ്ണെ? ആണൊരുത്തന്‍ ണ്ടായിട്ട് പിന്നിമ്മാതിരി പണിയ്ക്ക് പോണ്ട വല്ല കാര്യോ ണ്ടോ?

       
അമ്മ മാത്രോ, അച്ഛനും പോയല്ലോ.....അച്ഛന്റെ വെപ്പാട്ടീന്റൊപ്പം... അത് ങ്ങളാരും ഇത്വരെ അറിഞ്ഞില്ലേ? അത്വോണ്ടാ അമ്മ അയാള്ടൂടെ പോയെ. അത് ങ്ങളോടാരും പറഞ്ഞില്ലാ ഇത്വരെ? അയാക്കിപ്പോ രണ്ട് കുട്ട്യോള് വേറേം ണ്ട്. നിയ്ക്കാണേല്‍ ദാണ്ടെ മീശേം പൊടിഞ്ഞോടങ്ങി....പിന്നെനി എന്തിനാ ഒരാണ്?



    ഓ...അല്ലേലും ഞക്കറയാം നിനക്കും തള്ളയ്ക്കും മൊല നാലാണെന്ന്...അതിന്റെ നെഗളിപ്പാ.....നീ തോന്ന്യോണം നടന്നോടീ!
(സ്നേഹം പോയ വഴി കണ്ടില്ല.)


        അതല്ലേലും അങ്ങന്യാ...ഞാന്‍ പറഞ്ഞല്ലോ ഞാനും അമ്മേം തമ്മില്‍ അസാദ്ധ്യ കെമിസ്ട്രിയായിരുന്നു പണ്ടേ...അതോണ്ട് അമ്മേ പറഞ്ഞ് കളിച്ചാ കളി വേറെന്ന്യാ. അച്ഛന്‍ ആരുട്യോ കൂടെ ഓട്യപ്പോ വീട്ടാരുക്കും നാട്ടാരുക്കും അച്ഛനെ ഒരു നോക്ക് കാണാന്‍ കിട്ടണില്ല എന്ന ഒരേ പരാതിയായിനു. അത് കേട്ട് അച്ഛനെ പ്രാകുന്ന അമ്മേനെ തന്ന്യായ്നു എനിക്കപ്പളും ഇഷ്ടം.

        ഇപ്പൊ ദാ അമ്മ പോയപ്പോ ഏറങ്ങീക്കാണ്‌ കൊറേ മന്യമ്മാര് നാട് നന്നാക്കാനും സമ്മന്തം കൂടാന്വോക്കെ.നാട്ടിലാകെ ഒരേ സംസാരം... ഇന്നാട്ടിലിന്നു വരെ ഇങ്ങനൊരു മാനക്കേട് ണ്ടായിട്ടില്ല... ഒരു പെണ്ണ്... അതും കൂട്ടും കുടുമ്പോള്ള പെണ്ണ്....ഓട്വേ? ഹാ....നാണക്കേട്!

        അവര്‍ക്ക് വല്ല്യ അഭിമാനായേനെ നാട്ടിലെ കുണ്ടമ്മാ ര് ഒളിച്ചും പാത്തും പെണ്ണുങ്ങള് കുളിയ്ക്കണ കൊളത്തില് വന്നൂളിട്ട് അക്കഥോളൊക്കെ പറഞ്ഞ് നടന്നീനേല്, വെല്ല്യ സന്തോഷായ്നെ കാരണോമ്മാരുടെ പെഴപ്പിക്കല്‍ പുരാണങ്ങള് കേട്ടിണേല്... അതിലേറെ സന്തൃപ്തരായേനെ വേട്ടവന്റെ അവകാശങ്ങളെ പറ്റിയും അധികാരങ്ങളെ പറ്റിയും രണ്ടു കാച്ചങ്ങു കാച്ചീനേല്‍.

    പഷേ, ഇതെന്ത്? കുടുംബത്തിന് ചീത്തപ്പേര്ണ്ടാക്കി കേട്ട്യോനേം കുട്ട്യേളേം ഇട്ടേച്ചുപോയ ഒരു അറവാണിച്ചി! (അര്‍ഥം അവര്‍ക്കും അറിയില്ല,കാരണം അറവാണിയ്ക്കെ അര്‍ഥോള്ളൂ)
       

        ശെരിയാ ... ന്‍റെ അമ്മ ഒരു അറവാണി തന്ന്യായിരുന്നു- ഒരു പതിവ്രതയായ വിധവ.....ഭര്‍ത്താവിന്‍റെ ശരീരത്തിന്‍റെ വിയര്‍പ്പും സ്നേഹത്തിന്‍റെ തണുപ്പും ആഗ്രഹിച്ച, പകരം അയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയായ വിഡ്ഢി.... ഇപ്പൊ അല്ല.....ഇപ്പൊ അമ്മ വിഡ്ഢിയല്ല.... സുമംഗലിയാണ്.... പൂര്‍ണയാണ്.... സ്വതന്ത്രയാണ്.... വീണ്ടും അമ്മയാണ്....!