Saturday, 3 August 2013

നിശബ്ദപ്രണയം


കഥയില്ലാത്തൊരു കഥ മനസിലങ്ങനെ 

കനപ്പെട്ടു കിടക്കുന്ന നേരത്താണ്
ദിക്കറിയാതെ വഴിതെറ്റിയൊരു 
മഴയീ മുറ്റത്ത് തെന്നിവീണത്.
കോണിമേല്‍ ക്ലോറിനിട്ടില്ലെന്നമ്മ 
അകത്തുനിന്നുറക്കെ മൊഴിയെ
എന്‍റെയുള്ളിലെ കഥയും മഴയും 
സ്വകര്യമായൊന്ന്‍ കെട്ടിപ്പുണര്‍ന്നുമ്മവെച്ച്
കുതറി മാറി.

പ്രണയമിതുമാവാമെന്നായി
നനഞ്ഞു കുതിര്‍ന്ന വാക്കുകള്‍
വരയിട്ട കോണിമേല്‍
പതിയെ പോറിവരച്ചു.
കൊഴുത്ത പച്ചകലര്‍ന്ന വാക്കുകളിലപ്പോഴും
മഴ സമ്മാനിച്ച ചളിമണം
മാത്രമവശേഷിച്ചു.

Wednesday, 3 July 2013

മഴമന്ത്രണം





ഈ രാത്രിയ്ക്കുമുണ്ടൊരു പ്രത്യേകത..
കണ്ണീരിനുപ്പും
ഇഷ്ടപ്പെടലിന്റെ മധുരവും
നഷ്ടപ്പെടലിന്റെ നൊമ്പരവു-
മലിഞ്ഞു ചേര്‍ന്ന
രുചിയില്ലാത്തൊരു മഴ കനത്തു
പെയ്യാനായ് കാത്തു നില്ക്കുന്നുണ്ട-
ങ്ങകലെ.
സ്വന്തം ഭാരം താങ്ങാനവാതെ
ആടിയുലയുന്ന കാറ്റുണ്ട്
മറ്റൊരുകോണില്‍...
പിന്നെ ഞാനുമുണ്ട്
നീയുമുണ്ട്
അക്കരെയുമിക്കരയുമായി..
നമുക്കിടയില്‍
തീര്‍ത്തിട്ടും തീരാതെ
തോരാതെ പെയ്യുന്ന
മഴയുണ്ട്.
നിശബ്ദത മാത്രം
മൊഴിയുന്ന രണ്ടു ചുണ്ടുകളും
ആഴങ്ങളിലെങ്ങോ

 പഴയൊരു  മൂളിപ്പാട്ടുമുണ്ട്.
പിന്നെയും ചിലതെന്തോക്കെയോ 
രാത്രിയുടെ മറയില്‍
ഇരുട്ടിന്‍റെ ഉള്ളറയില്‍ 
അവ്യക്തമായി 
ഞരങ്ങിയും മൂളിയും 
വഴിമുടക്കിയും നേരം കൊല്ലുന്നു.
മഴ...അവളിന്നും പിണക്കത്തിലാണ്
എന്തിനെന്നില്ലാതെ ആരോടെന്നില്ലാത്ത 
പിണക്കം.