"പറയാം.....എല്ലാത്തിനും അതിന്റെതായൊരു മയൊക്കെ വേണ്ടേ? കാപ്പാടിന്റെ തിലകക്കുറിയായി നിക്കണ ഒരു ഗ്രാമോണ്ട്.....നോക്കണ്ടാ....ണ്ട് ന്നേ...ഒന്ന് വിശ്വസിക്കെന്റപ്പനെ..പേര് പറഞ്ഞാ വിശ്വസിക്കൂലെ? ന്നാ അതാണ് ന്റെ പൂക്കാട് എന്ന അതിമനോഹരമായ, പൂക്കള്‍ക്ക് പകരം അങ്ങിങ്ങായി പ്ലാസ്റ്റിക് കുപ്പകളും, മീന്‍ ചല്ലുകളും മതിലിടുക്കുകളും റോഡ് സൈടുകളും അലങ്കരിച്ചു മാസങ്ങളോളം കുടുംബശ്രീ വണ്ടിക്കായി സുഗന്ധം പരത്തിയങ്ങനെ നില്ക്കുന്ന ഗ്രാമം.....
ഇതിപ്പോ ഇങ്ങനെ പറഞ്ഞാല്‍ അടിയേതുഭാഗത്തൂന്നു വന്നൂന്ന് ചോതിച്ചാ മതി,കാരണം മറ്റൊന്ന്വല്ല ഇവ്ടത്തുകാര്ക്ക് കുറ്റം പറയണതെ ഇഷ്ടല്ലാ.പിന്നെ....പറയും....അതിനൊരു സമയോക്കെ ണ്ട്. ശനിയാഴ്ചയോ അല്ലേല്‍ ഞായറാഴ്ചയോ മാത്രം...അതും മൂന്നു മണിമുതല്‍ അഞ്ചുമണിവരെ.എന്താ ന്നായിരിക്കും??? അതെന്നേ.... ഈ കുടുംബശ്രീ...! അന്നേ ദിവസം ഏതായാലും ഭര്ത്താക്കന്മാരുടെ പതിവ് ചായ പോയിക്കിട്ടും... ന്നാ ഭാര്യമാര്‍ക്കും, മക്കള്‍ക്കും കുശാലാ. ചായ,ബിസ്ക്കറ്റ്,അവിലുകുഴച്ചത്.... പിന്നെ ചൂടുള്ള ഗോസിപ്പോളും...സംഗതി കേമം! എന്തൊക്കെയായാലും നല്ലപേരാ ഈ കുടുംബശ്രീയ്ക്ക് ന്റെ നാട്ടീ.... ആരാധകരും!
ഇടയ്ക്കൊന്നു മുഖം കാണിയ്ക്കാനായി മാവേലീം വരും...ആരാ??? മ്മളെ മെംബറെന്നെ! മൂപ്പരുള്ളപ്പോ ഒരു നാടകോക്കെ ണ്ട് സഭേല്. സ്വാഗതം പറച്ചില്, മിനിട്സ് വായന, കരടു രേഖ പിന്നെന്തോക്യോ സകലഗുലാബികള്! അല്ലാത്തപ്പളോ....? അതല്ലേ ബഹുരസം... അതിനു മാത്രായി മെമ്പര്ഷിപ്പെടുക്കണ എത്ര മഹിളാമണികള്ണ്ടെന്നറയോ?
എന്താ ന്നല്ലേ.... അപ്പര്‍ത്തെ വീട്ടിലെ പെണ്ണിന്റെ കല്യാണം മൊടങ്ങീതും, ഇപ്പര്‍ത്തെ വീട്ടിലെ പെണ്ണുമ്പിള്ള 'കൊട്ടെ'മെടുത്തു 'ഡ്യുട്ടി'ക്ക് പോണതും, പിന്നെ അവള്ടെ കെട്ട്യോന് കള്ളുംകുടിച്ച് പൂക്കാട്ടങ്ങാടീല് തുണില്ല്യാതെ നെരങ്ങീതും, കുട്ടി കണ്ടോന്റെകൂടെ തെണ്ടാനിറങ്ങിയതും എന്നുവേണ്ട എരിവും പുളിയും പാകത്തിനുള്ള കഥകള്‍.... ചെലവോ?? വെറും രണ്ടു മണിക്കൂര്‍ സമയവും ഇരിപതുര്പ്പ്യേം.... ചെല വിദുഷികള്ണ്ട്, ഓറ്റയ്ക്ക് മണിക്കൂര്‍ രണ്ടു കഴിഞ്ഞാലും വീട് പിടിക്കണ്ടാ ന്താ കാര്യം? മത്യായില്ല അതെന്നെ... കേട്ട് മത്യായില്ല!
കൊല്ലത്തിലൊരിക്കല് വേറൊരു കലാപരിപാട്യൂടി ണ്ട്.... കലോത്സവം..... കുടുംബശ്രീ കലോത്സവം! പരിപാടി തഥൈവ ന്നെ . പോരാത്തെ ഒരേറ്റ പെണ്ണും അന്ത്യാമ്പള്തെക്കിണ്ടാകൂല (പതി പരമേശ്വരന്മാര്ക്കിഷ്ടോല്ല). പക്ഷേങ്കില് ഈ 'ശ്രീ'കള്ടെ ആണുങ്ങള് മുഴോന്‍ നടയ്ക്കല്ണ്ടാവും അരഫര്‍ലോങ്ങ് ദൂരെയെത്തണ 'സെന്റ്' പൂശി, തരുണീമണികളുടെ ആട്ടോം ചാട്ടോം കാണാനും... കൂക്കിവിളിക്കാനും തരംകിട്ട്യാ ഒന്ന് തോണ്ടി വിളിക്കാനും മറ്റെല്ലാ സഹായ സഹകരണങ്ങള്‍ക്കും, സ്വന്തം പെണ്ണുമ്പിള്ള മാത്രം ണ്ടാവരുതെന്ന ഒറ്റ കണ്ടീഷന്‍..... അല്ലാത്തപ്പോ ഞങ്ങക്ക് മാതൃഭൂമിം മനോരമേം മാത്രം മതി!
ഓണോം വിഷൂം വരുമ്പോ ശ്രീകള്ടെ ഒരു സ്പെഷ്യല്‍ പരിപാടി ണ്ട്... ചന്ത!!! അവ്ട്യെന്തൊക്ക്യാ ണ്ടാവാന്നറയോ? പൊടികള്‍ പലവിധം,നാടന്‍ തൈലം,മുഖം മിനുക്കി,പപ്പടം തുടങ്ങി അടിപ്പാവാടവരെ... ഹോള്‍സെയില്‍ കടകള്‍ കാലേക്കൂട്ടി നിരങ്ങി എല്ലാം വാങ്ങിക്കൂട്ടി സ്റ്റോള്‍ നിറയ്ക്കും.. പക്ഷെ അതുമ്മല് ഒട്ടിക്കണ സ്റ്റിക്കറും പേരും സ്വന്തമാണെ... സത്യസന്ധമാണെ.. അതുപോരേ?
ഇതും പോരാഞ്ഞ് കൂട്ടായി പഞ്ചായത്തിന്റെ ചെലവില്‍ വല്ല വെള്ളരിയോ ചേമ്പോ ആടോ കൊഴ്യോ.. അതും തട്ടാം... പിന്നെ ആദായവും ആനുകൂല്യങ്ങളും സബ്സിഡിയും വേറേം.... ഞങ്ങളൊന്നും ചെയ്തില്ലാന്നു മാത്രം പറയരുത്. "പഞ്ചായത്തിനിപ്പോ ന്താ വേണ്ടേ? അങ്ങനെ പറയുമ്പോ പറയുമ്പോ കുപ്പ വാരലാ ഞങ്ങള്‍ കുടുമ്മത്തി പെറന്ന പെണ്ണുങ്ങള്ടെ പണി?പൂക്കാടിനിക്കണ്ട ഭങ്ങ്യൊക്കെത്തന്നെ ധാരാളാ...പിന്നെ ഇത്തിരി നാറ്റം അതിനു മൂക്ക് ദിങ്ങന്യങ്ങു പൊത്യാമതി. ഇല്ലെങ്ങി ഇക്കണ്ട ജനങ്ങളോട് പറ ഒന്ന് വൃത്തിയാക്കിഡാന്..ഞാനും പറയാം ഇവരോടൊക്കെ. വേണേല്‍ ന്റെ പെണ്ണുങ്ങളീം വിടാം."
"നോക്കണ്ടാ... നിയ്ക്ക് മനസിലായി ങ്ങടെ ചോദ്യം... അമ്മിണിക്കുട്ടി ആരാന്നു പറഞ്ഞുതരാംന്നും പറഞ്ഞു കോറേരായല്ലോ ഇവള് ഇവടിരുന്നു ഷൈന്‍ ചെയ്യുന്നൂന്നല്ലേ??? ഞാന്‍ തന്ന്യാ...ഞാന്‍ തന്ന്യാ ഈ അമ്മിണിക്കുട്ടീന്നു പാറയണ 'വെളഞ്ഞവിത്ത്'.... ഇപ്പറഞ്ഞത് ഞാന്‍ പറെണതല്ലാട്ടോ...മറ്റംഗങ്ങള്‍ പറേണതാ....കുശുമ്പത്തിപ്പാറോള്!"
"ഞാന്‍ അമ്മിണിക്കുട്ടി....പ്രസിഡണ്ട്,സൗഹൃദ കുടുംബശ്രീ,ആറാ൦ വാര്‍ഡ്,പൂക്കാട്."
അമ്മിണിക്കുട്ട്യെ.....ഉഗ്രനായി.തുരുതുരാ എഴുത്,എഴുതി നിറയ്ക്ക്....വാഴ്ത്തുക്കള്‍.
ReplyDeleteനല്ല അവതരണ ശൈലി...ക്കിഷ്ടായി....ക്ഷേ ....ഇതിനുംബലെ കൊയിലാണ്ടി ബാശല്ലേ നല്ലേ....
ReplyDelete