Thursday, 19 April 2012

അമ്മ


  അമ്മ

        ഈനിപ്പോ ന്താ ഇത്ര ചിരിക്കാന്ള്ളേ? ഇനിയ്ക്കിങ്ങളെ ഇങ്ങ്ളീഷോന്നും അറയൂല.ഞാനിങ്ങളത്ര്യോന്നും പടിച്ചിട്ടൂല്ല്യ.ഇനിയ്ക്കയിന്ള്ള സൌകര്യല്ലായ്നു...അതോണ്ടാ...അല്ലാണ്ട് പഠിക്കാനിഷ്ടോല്ലാഞ്ഞിറ്റൊന്ന്വല്ലായിനു...പത്താം ക്ലാസ്സ്‌ കണ്ടപ്പോ അച്ചനാ പറഞ്ഞേ പെങ്കുട്ട്യേള് പടിച്ചിട്ടിപ്പോ കളട്ടരൊന്നും അവാമ്പോണില്ലാന്ന്………………….

…………….ഓക്കിഞ്ഞ പിടിക്കിണില്ല പ്പൊ....ഓളങ്ങ് മുന്ത്യോളായിപ്പോയിലെ....? ആരാ ഈ മേനകാ ന്നാ?
ഒന്നൂല്ലേ ന്‍റെ വയറ്റീ പെറന്നെ അല്ലേ? ന്നിട്ടാ പെണ്ണിന് നെഗളിപ്പ്...
ഇന്നൂ ഇന്നലേം തൊടങ്ങ്യെ അല്ല... കൊറേ ആയി...

ഇങ്ങക്കൊന്നു മിണ്ടാണ്ടിര്ന്നൂടെ അമ്മേ... എത്രേരായി കലപില കലപിലാന്നിങ്ങനെ....ഹോ! ആ കോളേജ്‌ ഒന്ന് തൊറന്നു കിട്ടീനേല്‍ എന്തൊരു സുഖായ്നൂ...ഈ സോയിര്യക്കേട് ഒയിവായിക്കിട്ട്യേനെ....



         വടക്കേ മുറില് ചെന്നാ ഇപ്പളും കേക്കാം ഞങ്ങള് കൂട്യെ തല്ലും വിളീന്റെ മൊഴക്കം. അന്നമ്മേം ഞാനും നാട്ടില് ഫെയിമസ്സാ, ഞങ്ങളെ ഒച്ച്ച്യോണ്ടെന്നെ. അന്നൊക്കെ എല്ലാരും പറയാ പെണ്ണുങ്ങളെ ഒച്ച അടുക്കളപ്പൊറത്ത് കേക്കാമ്പാടില്ലാന്നാ. ഞാനും അമ്മേമായിറ്റ് ആദ്യായി അതെന്നെ തെറ്റിച്ചു. അയിനു വല്യച്ചന്റെ വായീന്നു കണക്കിന്കിട്ടേം ചെയ്തൂന്ന്ള്ളേ വേറക്കാര്യം! ഇനിക്കിത്തിരി കലശലായിതന്നെ കിട്ടി. പുളി വാറലോണ്ട് തൊടയ്ക്ക് താഴെ നാലെണ്ണം.... ഹോ... ഒന്ന്... രണ്ട്... മൂന്ന്... നാല്ന്നിങ്ങനെ നാല് ചോന്നവര...ഓട്യാ ഓടിച്ചിട്ട് തല്ലും ചെലപ്പോ എന്ണോം കൂടും അതോണ്ട് ഓടിക്കെതയ്ക്കാനൊന്നും നിന്നില....അന്ന് കണ്ണ്ന്ന് കണ്ണീരല്ല ചോര്യാ പോയേ.
ന്നിട്ടെന്താ? ഇനിയ്ക്കെന്തേം മാറ്റൊണ്ടോ?ഇല്ലാലോ...ഇപ്പഴും പഴേ തല്ലുകൊള്ളിയെന്നെ.എല്ലാരും ന്താ പറയാന്നറയോ ഇതമ്മയ്ക്കിണ്ടായ മൊതെലെന്നെ ന്ന്.....
അത് കേക്കുമ്പോ ഇനിയ്ക്കി മറ്റുള്ളോരെപ്പോലെ ദേഷ്യം വര്വോന്നുല്ല്യാ.... ഇയ്ക്കിഷ്ടാ എല്ലാരും അങ്ങനെ പറയ്‌ന്നേ.
അമ്മ ണ്ടായിരുന്നപ്പോക്കെ തല്ലും വിളീം തന്നായിരുന്നു..
നാട്ട്വാരെക്കൊണ്ട് പറയിപ്പിക്കാനും വീട്ട്വാരെക്കൊണ്ട് പറയിപ്പിക്കാനുമായി പെറന്ന രണ്ടു പെണ്‍ജന്മം...അതാ മുത്തശ്ശി ഞങ്ങക്കിട്ട ടൈറ്റില്‍...

        എന്താ ഈ നാട്ടാരെക്കൊണ്ട് പറയിക്കല്‍ ന്ന് അപ്പളാ ഞാന്‍ ചിന്തിക്കാന്‍ തോടങ്ങ്യെ. നോക്കുമ്പോ ശെര്യാ,പറയുന്നുണ്ട് എല്ലാരും.ആരാ ഈ എല്ലാരും എന്നായി അടുത്ത അന്വേഷണം. പിടികിട്ടി. ന്തായാലും അന്യ രാജ്യക്കാരല്ല.പിന്നെ??ദാ രണ്ടടി തെക്കും,വടക്കും,കെഴക്കും,പടിഞ്ഞാറുവായിട്ട് കുടികെട്ടി താമസിക്കുന്ന ചെല നല്ല മനുഷ്യമ്മാരാ അയിന് പിന്നില്ന്നും മനസിലായി.

        മനസിലയിക്കഴിഞ്ഞാപ്പിന്നെ എന്താ? അതുമാത്രം അറിഞ്ഞൂടയിര്ന്നു. അതോണ്ട് ഞാനാപ്പഴേ വഴിക്കെന്നെ ങ്ങനെ നടന്നു. അമ്മയ്ക്ക് മറ്റുള്ളോര്ടെ സ്നേഹം സഹിക്കാമ്പറ്റാതായപ്പോ അമ്മ ഒരു പോക്കുപോയി. ഒരു ദിവസം രാവിലെ എണീറ്റ് നോക്കുമ്പോ അമ്മെല്ല.എങ്ങട് പോയീന്ന് ചോയിച്ച്യോക്കി എല്ലാരുടട്ത്തും,ആര്‍ക്കും ഉത്തരോല്ല.അച്ഛന്‍ പിന്നെ നാട്ടിലില്ലാതോണ്ട് മൂപ്പരെ ബുദ്ധിമുട്ടിക്കേണ്ടിവന്നില്ല.വീട്ടിലാണേല്‍ പന്തം കൊളുത്തിപ്പട..ഹോ!!എല്ലാരുംകൂടെ ന്‍റെ മേലേയ്ക്കായി ചാട്ടം:
നീയും പോയൂട് തോന്ന്യോണംന്ന്.


        അച്ഛന്റട്ത്ത് പോവാംന്നാ ആദ്യം കരുത്യെ...അവടെപ്പോയിട്ടെന്തിനാ?അച്ഛനവിടെ ഏതോ ഒരു വെപ്പാട്ടിണ്ട് ന്നാ അമ്മ പറഞ്ഞ് കേട്ടെ.പേപ്പട്ടിപോലെ ഒരു ഭയങ്കരജീവിയാവും അതും എന്ന ഭയംകൊണ്ട് അവടെ പോവണ്ടാന്ന് തന്നെ ഒറപ്പിച്ചു. പിന്നെങ്ങടാ? എങ്ങടൂല്ല..അച്ചനും അമ്മേം ഇല്ലണ്ടാവുമ്പോ കിട്ടുന്ന ഒരു പ്രത്യേക സ്നേഹമില്ലേ...? കോളേജും പുസ്തകോന്നൂല്ലാത്ത വെണ്ണീരും ചേരിത്തുപ്പും പിന്നെ പാത്രോക്കെ ആയിട്ടുള്ളോരഭ്യാസം? അതായി വല്ല്യച്ഛന്റെം വല്യമ്മേന്റെം സമ്മാനം.ഇടയ്ക്കൊന്നു പൊറത്തെറങ്ങിയപ്പോ ദാ നല്ലവരായ നാട്ടുകാര്‍ പിന്നാലെ....
       
        അല്ലമ്മിണിക്കുട്ട്യെ നിന്‍റെ തള്ള ആ വരുത്തന്റൂടെ ഓടിപ്പോയി ല്ലേ? ഈ തൊട്ടാ തെറിക്കുന്ന പ്രായത്തില് നിനക്കീ ഗതിയാണല്ലോ പൊന്നേ.ന്നാലും നിന്‍റെ തള്ളയ്ക്ക് നിന്‍റെ കെട്ടുകഴിയണവരെ കാത്തൂടായ്നോ? ഇനിപ്പോ എവട്യാ  നെനക്കൊരു ആണ്‍തൊണ?
   
    വയസ്സാം കാലത്ത് നിന്‍റെ തള്ളയ്ക്കെന്തിന്റെ കടിയായ്നു പെണ്ണെ? ആണൊരുത്തന്‍ ണ്ടായിട്ട് പിന്നിമ്മാതിരി പണിയ്ക്ക് പോണ്ട വല്ല കാര്യോ ണ്ടോ?

       
അമ്മ മാത്രോ, അച്ഛനും പോയല്ലോ.....അച്ഛന്റെ വെപ്പാട്ടീന്റൊപ്പം... അത് ങ്ങളാരും ഇത്വരെ അറിഞ്ഞില്ലേ? അത്വോണ്ടാ അമ്മ അയാള്ടൂടെ പോയെ. അത് ങ്ങളോടാരും പറഞ്ഞില്ലാ ഇത്വരെ? അയാക്കിപ്പോ രണ്ട് കുട്ട്യോള് വേറേം ണ്ട്. നിയ്ക്കാണേല്‍ ദാണ്ടെ മീശേം പൊടിഞ്ഞോടങ്ങി....പിന്നെനി എന്തിനാ ഒരാണ്?



    ഓ...അല്ലേലും ഞക്കറയാം നിനക്കും തള്ളയ്ക്കും മൊല നാലാണെന്ന്...അതിന്റെ നെഗളിപ്പാ.....നീ തോന്ന്യോണം നടന്നോടീ!
(സ്നേഹം പോയ വഴി കണ്ടില്ല.)


        അതല്ലേലും അങ്ങന്യാ...ഞാന്‍ പറഞ്ഞല്ലോ ഞാനും അമ്മേം തമ്മില്‍ അസാദ്ധ്യ കെമിസ്ട്രിയായിരുന്നു പണ്ടേ...അതോണ്ട് അമ്മേ പറഞ്ഞ് കളിച്ചാ കളി വേറെന്ന്യാ. അച്ഛന്‍ ആരുട്യോ കൂടെ ഓട്യപ്പോ വീട്ടാരുക്കും നാട്ടാരുക്കും അച്ഛനെ ഒരു നോക്ക് കാണാന്‍ കിട്ടണില്ല എന്ന ഒരേ പരാതിയായിനു. അത് കേട്ട് അച്ഛനെ പ്രാകുന്ന അമ്മേനെ തന്ന്യായ്നു എനിക്കപ്പളും ഇഷ്ടം.

        ഇപ്പൊ ദാ അമ്മ പോയപ്പോ ഏറങ്ങീക്കാണ്‌ കൊറേ മന്യമ്മാര് നാട് നന്നാക്കാനും സമ്മന്തം കൂടാന്വോക്കെ.നാട്ടിലാകെ ഒരേ സംസാരം... ഇന്നാട്ടിലിന്നു വരെ ഇങ്ങനൊരു മാനക്കേട് ണ്ടായിട്ടില്ല... ഒരു പെണ്ണ്... അതും കൂട്ടും കുടുമ്പോള്ള പെണ്ണ്....ഓട്വേ? ഹാ....നാണക്കേട്!

        അവര്‍ക്ക് വല്ല്യ അഭിമാനായേനെ നാട്ടിലെ കുണ്ടമ്മാ ര് ഒളിച്ചും പാത്തും പെണ്ണുങ്ങള് കുളിയ്ക്കണ കൊളത്തില് വന്നൂളിട്ട് അക്കഥോളൊക്കെ പറഞ്ഞ് നടന്നീനേല്, വെല്ല്യ സന്തോഷായ്നെ കാരണോമ്മാരുടെ പെഴപ്പിക്കല്‍ പുരാണങ്ങള് കേട്ടിണേല്... അതിലേറെ സന്തൃപ്തരായേനെ വേട്ടവന്റെ അവകാശങ്ങളെ പറ്റിയും അധികാരങ്ങളെ പറ്റിയും രണ്ടു കാച്ചങ്ങു കാച്ചീനേല്‍.

    പഷേ, ഇതെന്ത്? കുടുംബത്തിന് ചീത്തപ്പേര്ണ്ടാക്കി കേട്ട്യോനേം കുട്ട്യേളേം ഇട്ടേച്ചുപോയ ഒരു അറവാണിച്ചി! (അര്‍ഥം അവര്‍ക്കും അറിയില്ല,കാരണം അറവാണിയ്ക്കെ അര്‍ഥോള്ളൂ)
       

        ശെരിയാ ... ന്‍റെ അമ്മ ഒരു അറവാണി തന്ന്യായിരുന്നു- ഒരു പതിവ്രതയായ വിധവ.....ഭര്‍ത്താവിന്‍റെ ശരീരത്തിന്‍റെ വിയര്‍പ്പും സ്നേഹത്തിന്‍റെ തണുപ്പും ആഗ്രഹിച്ച, പകരം അയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയായ വിഡ്ഢി.... ഇപ്പൊ അല്ല.....ഇപ്പൊ അമ്മ വിഡ്ഢിയല്ല.... സുമംഗലിയാണ്.... പൂര്‍ണയാണ്.... സ്വതന്ത്രയാണ്.... വീണ്ടും അമ്മയാണ്....!

1 comment: